അടൂർ : അടൂരിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വർഷങ്ങളായി വരിഞ്ഞുമുറുക്കി കൊണ്ടിരുന്ന ഗ്രൂപ്പിസം ഇന്ന് പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറി.ഇതോടെ മണ്ഡലം സെക്രട്ടറിയെ തെരെഞ്ഞടുക്കാനാവാതെ പാർട്ടിയുടെ മണ്ഡലം സമ്മേളനം അലമ്പി പിരിഞ്ഞു.
കിളിവയൽ മയൂരം ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന അടൂർ മണ്ഡലം സമ്മേളനമാണ് പ്രതിനിധികളും നേതാക്കളും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിന് വേദിയായത്. അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രിയും ഉപരി ക്കമ്മിറ്റിയിൽ നിന്നുള്ള ചുമതലക്കാരനുമായ മുല്ലക്കര രത്നാകരൻ എന്നിവർ എല്ലാറ്റിനും സാക്ഷിയായി വേദിയിലുണ്ടായിരുന്നു. മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ
ഗ്രൂപ്പ് ചർച്ചയായിരുന്നു ഇന്ന് രാവിലെ നടന്നത്.തുടർന്ന് ചർച്ച പൂർത്തിയാക്കി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. 2.30 ന് പുനരാരംഭിക്കേണ്ടിയിരുന്ന സമ്മേളനം അഞ്ച് മണിയായിട്ടും തുടങ്ങാതെ വന്നതിനാൽ പ്രതിനിധികൾ ക്ഷോഭിച്ചു.ഈ സമയം മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് പുതിയ മണ്ഡലം കമ്മിറ്റി, ജില്ലാ സമ്മേളന പ്രതിനിധികൾ എന്നിവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. ഒടുവിൽ മണ്ഡലം കമ്മിറ്റിയിലേക്കുള്ള 31 അംഗ പാനൽ സമ്മേളനത്തിൽ വായിച്ചതോടെ ബഹളം തുടങ്ങി. പാർട്ടി നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറിയായ എ പി ജയൻ്റെ പേര് മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് ബഹളത്തിന് കാരണമായത്. ഒരു വിധത്തിൽ ജയനെ ഉൾപ്പെടുത്തിയ പാനൽ അംഗികരിക്കപ്പെട്ടു.തുടർന്ന് മണ്ഡലം സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചതോടെ വീണ്ടും ബഹളം തുടങ്ങി.നിലവിൽ മണ്ഡലം അസി.സെക്രട്ടറിയായിരുന്ന പ്രൊഫ.കെ.ആർ.ശങ്കരനാരായണൻ്റെ പേരായിരുന്നു മണ്ഡലം സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം നിർദ്ദേശിച്ചത്. ഇത് പ്രതിനിധികൾ അംഗീകരിക്കാൻ കൂട്ടാക്കാതെ വന്നതോടെ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ മുണ്ടപ്പള്ളി തോമസിനെ മണ്ഡലം സെക്രട്ടറിയേറ്റിൻ്റെ ചുമതല ഏല്പിച്ച് സമ്മേളനം പിരിയുകയായിരുന്നു.
ഏഴംകുളം നൗഷാദായിരുന്നു നിലവിലെ സെക്രട്ടറി. മൂന്ന് ടേം പൂർത്തിയാക്കിയതോടെയാണ് നൗഷാദിന് സ്ഥാനം ഒഴിയേണ്ടിവന്നത്. സമീപകാലത്ത് പത്തനംതിട്ട സി പി ഐ യിൽ ഉടലെടുത്ത ഗ്രൂപ്പ് പോര് ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്ന തലത്തിലേക്ക് മാറിയിരുന്നു. അടൂരിലെ സിപിഐയിൽ വർഷങ്ങളായി തുടരുന്ന പടലപിണക്കം ഈ സമ്മേളനത്തോടെ പരകോടിയിലെത്തുകയായിരുന്നു.