തിരുവനന്തപുരം. എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ. 9.05 ഗ്രാം എം.ഡി.എം.എ യുമായാണ് സിപിഐ നേതാവും സുഹൃത്തും അറസ്റ്റിലായത്. കൃഷ്ണൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഐ നേതാവ് കൃഷ്ണനും സുഹൃത്ത് ആലി മുഹമ്മദും എക്സൈസ് പിടിയിലായത്. ഇവരിൽനിന്ന് 9.05 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വഴുതക്കാട് സ്വദേശിയായ കൃഷ്ണൻ സിപിഐയുടെ പാളയം ലോക്കൽ കമ്മിറ്റി അംഗമാണ്. എ.ഐ.വൈ.എഫിന്റെ തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറി കൂടിയാണ് കൃഷ്ണൻ. ഇയാളുടെ ഭാര്യ സിപിഐ ബേക്കറി ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറിയാണ്. കൃഷ്ണൻ്റെ പക്കൽ നിന്ന് 4.05 ഗ്രാമും, ജഗതി കണ്ണേറ്റുമുക്ക് സ്വദേശിയായ ആലി മുഹമ്മദിൽ നിന്ന് അഞ്ച് ഗ്രാമും എം.ഡി.എം.എ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി എത്തിച്ച ലഹരിവസ്തുവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ബൈക്കിൽ എത്തിയ രണ്ടുപേർക്ക് എം.ഡി.എം.എ കൈമാറുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരുടെ ബൈക്കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.