തിരുവനന്തപുരം. രാജ്ഭവനില്‍ ഔപചാരിക, ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ച് ഗവര്‍ണ്ണറുടെ ശ്രദ്ധ ക്ഷണിച്ച് മന്ത്രിസഭ.
സ്വതന്ത്ര ഇന്ത്യയിൽ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയർന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളും പരാമര്‍ശിച്ചുകൊണ്ടാണ് കേരള മന്ത്രിസഭാ ഗവര്‍ണ്ണര്‍ക്ക് കത്ത് കൈമാറിയത്.
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പാരമ്പര്യത്തെയും, ആയിരക്കണക്കിന് വർഷങ്ങളായി വികാസം പ്രാപിച്ച അതിന്‍റെ വൈവിധ്യത്തെയും സമഗ്രമായി പ്രതിനിധീകരിക്കുന്ന ഒരു പതാകയുടെ ആവശ്യകതയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ ഉയര്‍ന്നുവന്നത്.
ഭാരത്തിൻ്റെ ദേശീയപതാകയെന്തായിരിക്കണമെന്ന് ചർച്ച ഭരണഘടനാ അസംബ്ലിയിൽ നടന്നപ്പോൾ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 14 .07. 1947 -ൽ നടത്തിയ പ്രസംഗം കത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. സാമുദായികമോ, സമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല എന്ന നെഹ്റുവിൻ്റെ സുവ്യക്തമായ മറുപടിയിലേക്കും ഗവര്‍ണ്ണറുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് സന്ദേശം.
സംവാദത്തിന്റെ സമാപന പ്രസംഗത്തിൽ ശ്രീമതി സരോജിനി നായിഡു പറഞ്ഞ വാക്കുകള്‍, “ഈ പതാകയ്ക്കു കീഴിൽ രാജകുമാരനോ, കർഷകനോ, ധനികനോ, ദരിദ്രനോ എന്ന വേര്‍തിരിവില്ല. പ്രത്യേകാനുകൂല്യങ്ങളൊന്നുമില്ല. കടമയും ഉത്തരവാദിത്തവും ത്യാഗവും മാത്രമേയുള്ളൂ. നമ്മൾ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനോ, ജൈനനോ, സിഖോ, പര്‍സിയോ ഏതുമാകട്ടെ, നമ്മുടെ ഭാരതമാതാവിന് അഭേദ്യമായൊരു ഹൃദയവും ചൈതന്യവുമുണ്ട്. പുതിയ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും, എഴുന്നേറ്റു നിന്ന് ഈ പതാകയെ വന്ദിക്കുക!
രാഷ്ട്രത്തെ പൊതുസ്ഥലങ്ങളിൽ, ഔദ്യോഗികമോ ഔപചാരികമോ ആയ പരിപാടികളില്‍ ഏതെങ്കിലും രൂപത്തിൽ ചിത്രീകരിക്കാന്‍ ദേശീയ പതാകയായ ത്രിവർണ്ണ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദർശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.
രാജ്ഭവന്റെ ആഭിമുഖ്യത്തിൽ എന്തെങ്കിലും ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഭാരതത്തിന്‍റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. 2025 ജൂൺ 25 ന് നടന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ മുകളിൽ പറഞ്ഞ കാര്യം ചർച്ച ചെയ്തതിന് ശേഷമാണ് സന്ദേശം കൈമാറുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.