കോഴിക്കോട് .നഗരത്തിൽ വീണ്ടും വൻ ലഹരി മരുന്നു വേട്ട. ഒരു കിലോഗ്രാം ഹഷീഷ് ഓയിലും 22 ഗ്രാം എം.ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിലായി.കല്ലായി സ്വദേശി എൻ പി ഷാജഹാൻ,ബേപ്പൂർ സ്വദേശി മുഹമ്മദ് റാസി എന്നിവരെയാണ് നടക്കാവ് പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയത്.
സ്ഥിരം കുറ്റവാളികളാണ് പിടിയിലായ എൻ. പി ഷാജഹാനും മുഹമ്മദ് റാസിയും. ഇവർ കുറച്ചുനാളായി ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.ആന്ധ്രപ്രദേശിൽ നിന്ന് ലഹരി മരുന്ന് കോഴിക്കോട് എത്തിക്കുന്നതിനിടയിലാണ് പിടിയിലായത്.ഒരു കിലോഗ്രാം ഹഷീഷ് ഓയിലും 22 ഗ്രാം എംഡിഎം എയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവ എത്തിച്ചത്. നഗരത്തിൽ മാവൂർ റോഡിൽ വച്ചാണ് ഇരുവരും ഡൻസാഫിൻ്റെ വലയിലായത്.
രണ്ടുപേർക്കും നേരത്തെ കേസുകളുണ്ട്. 120 കിലോ കഞ്ചാവ് കേസിൽ ആന്ധ്രപ്രദേശിൽ മൂന്നുവർഷം ഷാജഹാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പന്നിയങ്കര ,ചെമ്മനാട്, ടൗൺ ,മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ കളവ് കേസുമുണ്ട്. മുഹമ്മദ് റാസിക്ക് നടക്കാവ് തിരൂർ സ്റ്റേഷനുകളിൽ കളവ് കേസുണ്ട്.ഡിസിപി അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം നഗരത്തിലേക്കുള്ള രാസലഹരിയുടെ ഒഴുക്ക് തടയാൻ ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്.