പട്ടാമ്പി. ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ 21 വയസുകാരൻ പ്രണവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആലത്തൂർ ഗായത്രി പുഴയിൽ പ്രണവിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. മൂന്ന് ദിവസമായി ഫയർഫോഴ്സ് സ്കൂബ ടീം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗായത്രി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ പട്ടാമ്പി നിള ആശുപത്രിക്ക് പുറകുവശത്തായിട്ടാണ് ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ശക്തമായ ഒഴുക്കിൽ മൃതദേഹം ഒഴുകിവന്നതാകാമെന്നാണ് നിഗമനം. പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ആലത്തൂരിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് തിരിച്ചറിഞ്ഞത്. ആലത്തൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്.