ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍

21
Advertisement

തിരുവനന്തപുരം.ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള നാല്‍പതിലേറെ വിമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.നിരവധി യാത്രക്കാരാണ് സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 ഫ്‌ലൈറ്റുകള്‍ റദാക്കി. റദ്ദാക്കിയതില്‍ അധികവും എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകളാണ്. ബഹറിനിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചതിന് പിന്നാലെ യാത്രക്കാരുമായി കൊച്ചിയില്‍ തിരിച്ച് ലാന്‍ഡ് ചെയ്തു. മുന്നറിയിപ്പുണ്ടായിരുന്ന 17 വിമാനങ്ങള്‍ രാവിലെ റദ്ദാക്കിയതോടെ യാത്രക്കാര്‍വലഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 8 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ വിമാനവുമാണ് റദ്ദാക്കിയത്.

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 8 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 6 സര്‍വീസുകളും ഇന്‍ഡിഗോയുടെ രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, ജിദ്ദ, റാസല്‍ഖൈമ, ബഹ്‌റൈന്‍ സര്‍വീസുകളും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുംബൈ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിലേക്കുള്ള അബുദാബി,റിയാദ്, ദമാം, ദുബായ്, ഷാര്‍ജ, ജിദ്ദ, മസ്‌കറ്റ് സര്‍വീസുകളും റദ്ദാക്കി.

Advertisement