തൃശൂർ : കെ എസ് ആർ ടി സി ബസില്‍ വെച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശിയായ കാവില്‍ സവാദിനെ (29) പൊലീസ് പിടികൂടിയത് തമിഴ്നാട്ടില്‍നിന്ന്.
തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോള്‍ പെണ്‍കുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വെച്ചു ബസില്‍ നിന്ന് ഇറങ്ങിയോടി. പരാതി നല്‍കിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
2023ല്‍ നെടുമ്പാശേരി ഭാഗത്തു കെഎസ്‌ആർടിസി ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു രണ്ട് വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തില്‍ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു.
ഒരാഴ്ച മുൻപു തൃശൂരില്‍നിന്നു മലപ്പുറത്തേക്കു പോയ കെഎസ്‌ആർടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്. തമിഴ്നാട്ടില്‍നിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.