ശാസ്താംകോട്ട :സ്ഥിരമായ പ്രിൻസിപ്പാൾമാർ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി ഉയരുന്നു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്,ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ എന്നിവ ഏകീകരിച്ച് 2019 മെയ് 31ന് ഉത്തരവായിട്ടും വി.എച്ച്.എസ്.ഇ സ്കൂളുകളിൽ മാത്രം പ്രിൻസിപ്പാൾ തസ്തിക സൃഷ്ടിക്കാത്തത് സ്കൂൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അധ്യാപക സംഘടനകൾ ആരോപിക്കുന്നു.2019 ഫെബ്രുവരി 28ന് സർക്കാർ അംഗീകരിച്ച ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ യോഗ്യതയുള്ള അധ്യാപകരെ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തി പ്രിൻസിപ്പാൾമാരായി നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.ഇത് സംബന്ധിച്ച തുടർനടപടികൾ ഉണ്ടായിട്ടില്ലാത്തതും 1380 രൂപ പ്രത്യേക അലവൻസ് നൽകി സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പാൾ ഇൻ -ചാർജ് ചുമതല മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്.ഹയർസെക്കൻ്ററി പ്രിൻസിപ്പാൾമാർക്ക് എട്ട് പീരിയഡാണ് ആഴ്ചയിൽ നിജപ്പെടുത്തിയിട്ടുള്ളത്.എന്നാൽ വി.എച്ച്.എസ്.ഇ സ്കൂളുകളിൽ പ്രിൻസിപ്പാളിന്റെ ചുമതലയുള്ള അധ്യാപകർ 24 മണിക്കൂർ വരെ ക്ലാസ് എടുക്കേണ്ടതായി വരുന്നു.ഇതിനൊപ്പം സ്കൂളിന്റെ പൂർണ്ണ ചുമതലയും എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതിയുടെ അധിക ചുമതലയും വഹിക്കേണ്ടി വരുന്നതിനാൽ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും അധ്യാപകർ പറയുന്നു.യോഗ്യതയുള്ള അധ്യാപകരെ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്നും ഖാദർ കമ്മീഷൻ നിർദ്ദേശം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി,പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.ടി ശ്രീകുമാർ,ജനറൽ സെക്രട്ടറി കെ.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
Home News Breaking News പ്രിൻസിപ്പാൾ തസ്തികയില്ലാതെ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്നു