തിരുവനന്തപുരം. സ്വാഗതപ്രാസംഗികന്റെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കാൻ സംഘാടകർ നിർദേശം നൽകി. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, ലെജൻഡ് എന്നിങ്ങനെയായിരുന്നു പുകഴ്ത്തൽ.
വേദി തിരുവനന്തപുരം ടാഗോർ തിയേറ്റർ. വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍ എൻ ബാലഗോപാൽ
പുകഴ്ത്തൽ പരിധി വിട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. കാര്യം പിടികിട്ടിയ പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം സംഘാടകരെ അറിയിച്ചു. വേദിയിൽ ഉണ്ടായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും പ്രസംഗം ചുരുക്കാൻ നിർദ്ദേശിച്ചു
പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞെങ്കിലും പിന്നെയും മിനിറ്റുകളോളം നീണ്ടു. 20 മിനിട്ടാണ് സ്വാഗത പ്രസംഗം നീണ്ടത്. കുറിപ്പ് കയ്യിൽ കിട്ടിയതോടെ ഇനി പ്രസംഗിച്ചാൽ മുഖ്യമന്ത്രി ദേഷ്യപ്പെടും എന്ന് പറഞ്ഞാണ് പ്രാസംഗികൻ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്