തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നുപേരുടെ പട്ടികയിലുള്ള റാവാഡ ചന്ദ്രശേഖർ കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരിച്ചെത്താൻ സാധ്യത. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്പെഷൽ ഡയറക്ടറാണ് നിലവിൽ അദ്ദേഹം. അസം കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ തപൻകുമാർ ദേഖയാണ് ഐബി മേധാവി. അദ്ദേഹം കഴിഞ്ഞവർഷം വിരമിച്ചെങ്കിലും അടുത്തമാസം 30 വരെ കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകിയിരുന്നു. വീണ്ടും ഒരുവർഷം കൂടി തപൻകുമാറിന്റെ കാലാവധി നീട്ടിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
ഐബി മേധാവിയായി റാവാഡ ചന്ദ്രശേഖറിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് അദ്ദേഹം കേരള കേഡറിലേക്ക് മടങ്ങില്ലെന്ന വിലയിരുത്തലുണ്ടായത്. തപൻകുമാറിന്റെ കാലാവധി വീണ്ടും നീട്ടിയതുകൊണ്ട് റാവാഡ ചന്ദ്രശേഖർ കേരളത്തിലേക്കു മടങ്ങാൻ താൽപര്യപ്പെട്ടേക്കാം. ഡിജിപി നിധിൻ അഗർവാൾ, റാവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പൊലീസ് മേധാവിയാകാനുള്ള സീനിയോറിറ്റി പട്ടികയിലുള്ളത്.
സംസ്ഥാനത്ത് നാല് ഡിജിപി തസ്തികകളേ അനുവദിച്ചിട്ടുള്ളൂ. ജൂൺ 30നു പൊലീസ് മേധാവി ഡോ.എസ്.ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ ഒഴിവു വരുന്ന ഡിജിപി തസ്തികയിൽ എഡിജിപി എം.ആർ.അജിത്കുമാറിന് പ്രമോഷൻ സാധ്യതയുണ്ട്. എന്നാൽ ഡിജിപി തസ്തികയിലുള്ള റാവാഡ ചന്ദ്രശേഖർ കേരളത്തിലേക്കു മടങ്ങിയാൽ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം 2026ലേക്ക് നീളും. അന്നു നിധിൻ അഗർവാൾ വിരമിക്കുമ്പോൾ വരുന്ന ഒഴിവിലാകും അത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ചിന്റെ അധികച്ചുമതല. സ്വതന്ത്രചുമതലയുള്ള ഓഫിസറെ ക്രൈംബ്രാഞ്ചിൽ നിയമിക്കുകയാണ് പതിവ്. എക്സൈസ് കമ്മിഷണറായ എഡിജിപി മഹിപാൽ യാദവ് മൂന്നു മാസം കഴിഞ്ഞു വിരമിക്കുമ്പോൾ അവിടെയും എഡിജിപിയെയോ സീനിയറായ ഐജിയെയോ നിയോഗിക്കേണ്ടിവരും. ദിനേന്ദ്ര കശ്യപ് മാത്രമാണ് ഈ വർഷം കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിവരാൻ സാധ്യതയുള്ള എഡിജിപി.