കൊച്ചി:ബോലോ ഭാരത് മാതാ കീ ജയ്, രാമചന്ദ്രൻ അമർ രഹേ ,തീവ്രവാദം തുലയട്ടെ മുദ്രാവാക്യങ്ങൾ മുഴക്കി മാമംഗലത്തെ നീരാഞ്നം വീട്ടിൽ നിന്ന് എൻ രാമചന്ദ്രന് അന്തിമ യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ സമയം 12.40 ആയിരുന്നു.
പോലീസ് ആദരം അർപ്പിച്ച്, മതപരമായ ചടങ്ങുകൾ പൂർത്തീകരിച്ചാണ് നാടിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എൻ രാമചന്ദ്രൻ്റെ ഭൗതിക ശരീരം വീട്ടിൽ നിന്ന് ഇടപ്പള്ളി സ്മശാനത്തിലേക്ക് കൊണ്ട് പോയത്. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി ഇടപ്പള്ളി സ്മശാനത്തിൽ കാത്തുനിന്നു.സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധിയായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ പോലീസിൻ്റെ ഔദ്യോഗിക ബഹുമതി അർപ്പിച്ചു.തുടർന്ന് മതപരമായ അവസാന ചടങ്ങുകൾ പൂർത്തീകരിച്ച് ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ സമയം ഉച്ചകഴിഞ്ഞ് 1.26.
ഇന്ന് രാവിലെ 7 ന് രാമചന്ദ്രൻ്റെ മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു. കേരള ഗവർണർ രാജേന്ദ്ര അലേക്കർ ,ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള , ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ്, ജില്ലാ കളക്ടർ അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.