വയനാട്: മേപ്പാടിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരാൾക്ക് ജീവഹാനി.മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖൻ ( 67) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത് .
ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് മേപ്പാടി അട്ട മലയിൽ കാട്ടാന ആക്രമണത്തിൽ ബാലകൃഷ്ണൻ (27) മരിച്ചിരുന്നു.
രാത്രി 8 മണിയോടെയായിരുന്നു സംഭവം.ആനയുടെ അലർച്ച കേട്ട ഉന്നതി നിവാസികൾ തിരക്കിയിറങ്ങയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.മേപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ എട്ടോളം പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.
അറുമുഖൻ മരിച്ചതറിഞ്ഞ് എത്തിയ വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ശക്തമായ പ്രതിഷേധം അറിയിച്ചു.ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും കോബ്ര മൈസിലൂടെ കാര്യങ്ങൾ സാധിക്കുന്നതല്ലാതെ കാട്ടാന ആക്രമണം തടയാൻ ശാശ്വതമായ യാതൊരു നടപടിയും ഇതുവരെ കൈ കൊണ്ടിട്ടില്ല. ആന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഗ്ദാനങ്ങളല്ല നാട്ടുകാർക്ക് വേണ്ടതെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് പറഞ്ഞു. അടുത്തിടെ കൊല്ലപ്പെട്ട അഞ്ച് പേരെയും കൊന്നത് ഒരു ആന തന്നെയാണെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും കൊല്ലപ്പെട്ട അറുമുഖൻ്റെ മൃതദേഹം മാറ്റിയിട്ടില്ല. ഡി എഫ് ഒ അജിത് കെ രാമൻ സംഭവസ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരുമായി സംസാരിച്ചു. ഉന്നതിയ്ക്ക് അടുത്തു വരെ ആനയെത്തിയിട്ടും വനം വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല.






































