മലപ്പുറം. വേങ്ങര ടൗൺ കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേർ പോലീസ് പിടിയിൽ. 8 ഗ്രാം എംഡിഎംയും 40 ഗ്രാം ഓളം കഞ്ചാവുമാണ് പിടികൂടിയത്.
വേങ്ങര ടൗൺ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് ഡാൻസാഫും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ശരീഫ്, അഫ്സൽ, ഊരകം സ്വദേശി പ്രമോദ്, മറ്റത്തൂർ സ്വദേശി റഷീദ്, കണ്ണമംഗലം സ്വദേശി അജിത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് വിൽപ്പന നടത്തുന്ന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പുലർച്ചെ പോലീസ് തന്ത്രപരമായി കേന്ദ്രത്തിലേക്ക് കടന്നാണ് പ്രതികളെ ലഹരിയുമായി പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്ക് ലഹരി എത്തിച്ചു നൽകുന്നവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.