കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് നിർണ്ണായക മൊഴി ലഭിച്ചത്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമയെ അറിയാമെന്നും, അവരുമായി ഫോൺ ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തനിക്ക് ലഹരി എത്തിച്ചു തരുന്നത് സിനിമയിലെ അസ്സിസ്റ്റൻ്റ്മാരാണ്. മെത്താംഫെറ്റമിനും കഞ്ചാവുമാണ് താൻ ഉപയോഗിക്കാറുള്ളതെന്നും ഷൈൻ മൊഴി നൽകി.കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞു. പിന്നെ ചാടിപ്പോയി. കഴിഞ്ഞ ഒരു മാസമായി ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകി.
ലഹരി ഇടപാടുകാരൻ സജീറുമായി 20000 രൂപയുടെ ഇടപാടുകൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ബുധനാഴ്ച ഷൈൻ ടോം ചാക്കോ നടത്തിയതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിച്ചത്തായത്. മൊഴി കളിലെ വൈരുധ്യമാണ് നടന് കുരുക്കായത്. 3.10 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി നടനെ എത്തിച്ചു.