കൊല്ലം: കൊല്ലം പൂരത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. കൊല്ലം പൂരത്തിൻറെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ ചിത്രം ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻറെ ചിത്രവും ഉയർത്തിയത്.
ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം. ശ്രീനാരായണ ഗുരു, ബിആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉയർത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിൻറെ ചിത്രവും ഉയർത്തിയത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിൻറെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, സംഭവത്തിൽ ഡിവൈഎഫ്ഐ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ആർഎസ്എസ് സ്ഥാപകൻറെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിൻറെ ലംഘനമാണെന്നാണ് പരാതി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.