ലഹരിമരുന്ന് കേസിൽ പഞ്ചാബിൽ പിടിയിലായ രണ്ട് ടാൻസാനിയ വിദ്യാർത്ഥികൾക്ക് മലയാളികളുമായി അടുത്ത ബന്ധം. മലയാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി പൊലീസ് കണ്ടെത്തി. കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
18 മണിക്കൂർ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതികളായ ഡേവിഡ് എൻടമി, അറ്റ്ക്ക ഹരുണ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മലയാളികൾ ഉൾപ്പെടെ പണം അയച്ചിട്ടുണ്ട്. ലഹരി മരുന്ന് കൈമാറിയതിന്റെ പണമാകാം ഇതെന്നാണ് പോലീസിന്റെ സംശയം. ബാങ്ക് വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തും. ഇതോടെ കാരന്തൂർ എം ഡി എം എ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പായി. പ്രതികൾ മലയാളികൾക്ക് ലഹരി കൈമാറുന്നതിലെ പ്രധാനികൾ ആണെന്നും പൊലീസ് സ്വീകരിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസ് അടുത്തദിവസം കസ്റ്റഡി അപേക്ഷ സമർപ്പിക്കും





































