മലപ്പുറം : കരുവരക്കുണ്ടിൽ കടുവയെ കണ്ടെന്ന തരത്തിൽ പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ്. പഴയ വീഡിയോ എഡിറ്റ് ചെയ്ത് യുവാവ് പ്രചരിപ്പിക്കുകയായിരുന്നുെവെന്ന് വനംവകുപ്പ് വ്യക്തമാക്കി. വ്യാജമായി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ ജെറിൻ എന്ന യുവാവിനെതിരെ വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകി. ജനങ്ങളിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ പുതിയതെന്ന രീതിയിൽ പ്രചരിപ്പിച്ചെന്ന് ജെറിനും വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചായാണ് വിവരം.
മലപ്പുറം കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടെന്ന രീതിയിലായിരുന്നു പ്രചാരണം. കരുവാരക്കുണ്ട് ചേരി സി.ടി,സി എസ്റ്രേറ്റിന് സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവയ്ക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബർതോട്ടത്തിൽ വഴിയോട് ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ജെറിൻ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. കടുവയുടെ സമീപത്ത് നിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചാരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതെന്ന് വനംവകുപ്പ് കണ്ടെത്തിയത്. ജെറിനിൽ നിന്ന് വനംവകുപ്പ് വിവരം ശേഖരിച്ചു. തുടർന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണന്ന് ജെറിൻ സമ്മതിച്ചത്. ഇയാൾക്കെതിരെ പോലീസ് തുടർ നടപടികൾ സ്വീകരിച്ചേക്കും.






































