ഇടുക്കിയിൽ ഓട്ടോഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനം; അടിയേറ്റ് നിലത്തുവീണു, പല്ലു പൊട്ടി

617
Advertisement

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരന്റെ കരണത്തടിച്ചത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങൾ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മർദനത്തിൽ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരൻ പറയുന്നു.

മർദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകൾ അശ്വതി പറഞ്ഞു. എസ്‌പി ഓഫിസിൽ പരാതി നൽകി. പിന്നാലെ ഡിവൈഎസ്‌പി ഓഫിസിൽ വിളിച്ചു മൊഴിയെടുത്തു. പക്ഷേ, ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മകൾ പറഞ്ഞു.

ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. ഇന്നലെ പത്തനംതിട്ടയിൽ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനു ശേഷമാണ് കൂട്ടാറിലെ വാർത്തയും പുറത്തുവരുന്നത്.

Advertisement