മലപ്പുറം. താനൂർ കസ്റ്റഡി മരണത്തിൽ അന്വേഷണ സംഘത്തിന് പരാതി നൽകി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സിബിഐക്ക് പരാതി നൽകിയത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു
2023 സെപ്റ്റംബർ 15 നാണ് താനൂർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തത്. വർഷം ഒന്ന് തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അറസ്റ്റിലായ നാല് പോലീസ് ഉദ്യോഗസ്ഥരും സ്വാഭാവിക ജാമ്യം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. കേസിലെ ഉന്നതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം വീണ്ടും പരാതിയുമായി സിബിഐയെ സമീപിച്ചത്
മുൻ മലപ്പുറം എസ്പി സുജിത് ദാസ് അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം..കേസിൽ സുജിത് ദാസിനെ സിബിഐ ചോദ്യ ചെയ്തിരുന്നങ്കിലും പ്രതി ചേർത്തിട്ടില്ല. പരാതിയിൽ അന്വേഷണ സംഘം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം






































