ആലപ്പുഴ. കെഎസ്ആര്‍ടിസി ബസ്സിലെ ചില്ലറ തർക്കത്തിൽ കണ്ടക്ടർക്ക് മർദ്ദനം. ആലപ്പുഴ കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ കണ്ടക്ടർ സജികുമാറിനാണ് മർദ്ദനമേറ്റത്. മുഖത്തിടക്കുകയും കൈയിൽ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. 20 രൂപ ടിക്കറ്റിനു 500 രൂപ കൊടുത്തതിനെ തുടർന്നായിരുന്നു തർക്കം. പ്രതി ആലപ്പുഴ ചുങ്കം സ്വദേശി മുബീനിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 9 മണിയോടെ ആലപ്പുഴ- കോട്ടയം KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കളർകോട് വെച്ചാണ് സംഭവം. ടിക്കറ്റ് എടുക്കാതെയിരുന്ന യാത്രക്കാരനോട് കണ്ടക്ടർ സജികുമാർ ആദ്യം ചോദിച്ചപ്പോൾ ഇനിയും ആളുകൾ ബസ്സിൽ കയറാൻ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് എവിടെ ഇറങ്ങണം എന്ന് പറയാതെ 20 രൂപ ടിക്കറ്റ് ആണ് വേണ്ടതെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടു. ഇതിനായി 500 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറ ഇല്ല ഇറങ്ങാൻ നേരം പണം തിരികെ തരാം എന്ന് കണ്ടക്ടർ പറഞ്ഞതോടെ കണ്ടക്ടറിൽ നിന്ന് 500 രൂപ തിരികെ വാങ്ങി. പിന്നീട് ടിക്കറ്റും 480 രൂപയും കൂടി കൈയിലേക്ക് നൽകിയാൽ 500 നൽകാമെന്നായി.
ഇതോടെ ബെൽ അടിച്ചു ഇയാളെ ഇറക്കാൻ നോക്കിയപ്പോൾ പൊടുന്നനെ ആക്രമിക്കുകയായിരുന്നു
പിന്നീട് യാത്രക്കാർ ചേർന്ന് പ്രതി മുബീനെ കെഎസ്ആർടിസി ബസ്സിൽ തന്നെ പുന്നപ്ര സ്റ്റേഷൻ എത്തിച്ചു. സംഭവം നടന്നത് ആലപ്പുഴ സൗത്ത് പോലീസിന്റെ പരിധിയിൽ ആയതുകൊണ്ട് പ്രതിയെ ഇവിടെയെത്തി സൗത്ത് സിഐ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു






































