മസ്‌കറ്റ്: ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷമാണ് ആശിഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മാർച്ച് ഒന്നിനാണ് ഒമാൻ തീരത്തുണ്ടായിരുന്ന എണ്ണക്കപ്പൽ ‘എംവി സ്കൈലൈറ്റിന്’ നേരെ ഇറാൻ ആക്രമണം നടത്തിയത്. സംഭവം അറിഞ്ഞയുടനെ മിക്ക ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, ക്യാപ്റ്റൻ ആശിഷ് കുമാറിനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം ലഭിച്ചത്. വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.
കപ്പലിൻ്റെ പ്രധാന എൻജിൻ റൂമിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. എൻജിൻ റൂമിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ ഈ അപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടത് മുതൽ ആശിഷിൻ്റെ കുടുംബാംഗങ്ങൾ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തിൻ്റെ താമസസ്ഥലം അറിയാൻ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇന്നാണ് (മാർച്ച് 05) മറ്റ് വിവരങ്ങൾ ലഭിച്ചത്. ആക്രമണം നടക്കുമ്പോൾ ആശിഷ് അതേ കപ്പലിൻ്റെ എഞ്ചിൻ റൂമിലായിരുന്നു.
തീപിടിത്തമുണ്ടായപ്പോൾ മുറിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ് നിലയിലാണ് മൃതദേഹം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജനുവരി 20നാണ് മർച്ചൻ്റ് നേവിയിൽ ചേർന്നതെന്ന് ആശിഷിൻ്റെ സഹോദരൻ പറഞ്ഞു. ആദ്യ നിയമനം ദുബായിലായിരുന്നു. ഫെബ്രുവരി 22 ന് ഒമാനിലേക്ക് പോവുകയായിരുന്ന ഓയിൽ ടാങ്കർ സ്കൈലൈറ്റിലെ ക്യാപ്‌റ്റനായി നിയമിച്ചുവെന്നും അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമം വഴിയാണ് ആക്രമണം നടന്നത് അറിയുന്നത്. പിന്നീട് എംബസിയുമായി ബന്ധപ്പെട്ടപ്പോൾ, ആശിഷ് ആക്രമിക്കപ്പെട്ട ടാങ്കറിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്നും സഹോദരൻ പറഞ്ഞു. കപ്പലിൽ ആകെ 20 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 15 പേർ ഇന്ത്യക്കാരയിരുന്നു. അതിൽ 17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ആശിഷിൻ്റെ മൃതദേഹം ജന്മനാട്ടിൽ അന്ത്യകർമങ്ങൾക്കായി കൊണ്ടുവരാൻ സഹായിക്കണമെന്ന സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്‌തു. പിതാവ് അശോക് കുമാർ ഒരു അഭിഭാഷകനാണ്. ആശിഷിൻ്റെ അമ്മ സുനിതാ ദേവിയും ഭാര്യ അൻഷു കുമാരിയും വീട്ടമ്മയാണ്. ആശിഷിന് അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.




























