അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകള്‍ക്ക് പ്രവാസലോകം കണ്ണീരോടെ വിടചൊല്ലി.
മലപ്പുറം തിരൂർ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അസ്സാം (8), അയാഷ് (5) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ സോനാപൂർ ഖബർസ്ഥാനില്‍ ഖബറടക്കി. അടുത്തടുത്ത ഖബറുകളിലായാണ് നാലുപേർക്കും അന്ത്യവിശ്രമമൊരുക്കിയത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ചെയറില്‍ മക്കളുടെ ഖബറടക്ക ചടങ്ങുകള്‍ക്കെത്തിയത് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. അപകടത്തില്‍ പരിക്കേറ്റ മകള്‍ ഇസ്സയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മരിച്ച കുട്ടികള്‍ പഠിച്ചിരുന്ന ദുബൈ അറബ് യൂണിറ്റി സ്കൂളില്‍ തിങ്കളാഴ്ച സ്കൂള്‍ തുറന്ന വേളയില്‍ എത്തിയ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഈ വിയോഗം വലിയ ആഘാതമായി. പ്രിൻസിപ്പല്‍ മാർക്ക് പോലിറ്റ് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേർന്നു.
അപകടത്തില്‍ മരിച്ച വീട്ടുജോലിക്കാരി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കി. ശനിയാഴ്ച പുലർച്ചെ ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.






































