കേരള സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബഹറിനിൽ പിണറായി

Advertisement

ബഹ്റിൻ. സർക്കാറിന്റെ വികസന പ്രവർത്തനനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ പ്രസംഗം. ബഹ്റൈൻ കേരളീയ സമാജം ഹാളിൽ നടന്ന പ്രസംഗത്തിൽ പ്രവാസി പദ്ധതികളെ കുറിച്ച് പരാമർശമില്ല. ഗൾഫ് സന്ദർശനത്തിനിടയിലെ ആദ്യത്തെ പൊതുപരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

ഒന്നേക്കാൽ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലെ മുഖ്യഭാഗവും സർക്കാറിന്റെ വികസന പ്രവർത്തനനങ്ങൾ എണ്ണിപ്പറയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിനിയോഗിച്ചത്. ദേശീയപാതാ വികസനം, കിഫ്ബി പദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പദ്ധതികൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയവ വിശദമായി മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങിയ പ്രസംഗത്തിൽ മുഖ്യമന്ത്രി കേരളത്തിൽ കൂടുതൽ മേഖലകളിൽ നിക്ഷേപമിറക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടു.


പ്രവാസി പുനരധിവാസം, പെൻഷൻ പദ്ധതി, വിമാന ടിക്കറ്റ് നിരക്ക് തുടങ്ങിയ പ്രവാസികളുടെ വിഷയങ്ങളിലേക്ക് മുഖ്യമന്ത്രി കടന്നില്ല. ആയിരക്കണക്കിനാളുകൾ മുഖ്യമന്ത്രിയെ കേൾക്കാൻ ബഹ്റൈൻ കേരളീയ സമാജം ഹാളിൽ എത്തിയിരുന്നു. മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ്, എം. എ യൂസുഫലി, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തില്ല. സൌദി സന്ദർശനത്തിന് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തും. ഒക്ടോബർ 24, 25 തിയ്യതികളിൽ ഒമാനിലാണ് അടുത്ത സന്ദർശനം.

Advertisement