പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ നിലവിൽ വന്നു. ഹോർമൂസിലുടെ ഇറാൻ സൈന്യത്തിന്‍റെ പിന്തുണയോടെ ചരക്കുകപ്പലുകൾ നീങ്ങിത്തുടങ്ങി. സമാധാന സാധ്യത തെളിഞ്ഞതോടെ ലോകമെങ്ങും ആശ്വാസമായി എണ്ണവില കുത്തനെ ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിലേക്കും നിർബാധം പണമൊഴുകിത്തുടങ്ങി.
ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആദ്യം അമേരിക്കയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഹോർമൂസ് തുറന്നു നൽകുമെന്ന പ്രഖ്യാപനവുമായി ഇറാൻ പിന്തുണയറിയിച്ചു. മണിക്കൂറുകൾക്കു ശേഷം വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇസ്രായേലും പ്രഖ്യാപിച്ചു. എന്നാൽ ലബനനിലേക്കു നടത്തുന്ന ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ആഴ്ചകളായി നടന്ന മധ്യസ്ഥ ശ്രമമാണ് ഇറാനിൽ വിജയം കണ്ടത്.
ഇറാനിൽ രണ്ടായിരത്തിലേറെ പൌരന്മാരുടേയും അത്രതന്നെ സൈനികരുടേയും മരണത്തിനിടയാക്കിയ യുദ്ധത്തിനാണ് താൽക്കാലിക വിരാമമാകുന്നത്. ഇറാനിൽ കൊല്ലപ്പെട്ടവരിൽ 220 കുട്ടികളും 254 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഗൾഫിലെ മറ്റു രാജ്യങ്ങളിലും ഇസ്രായേലിലുമായി ഡസൻ കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതോടൊപ്പം യുദ്ധം ആരംഭിച്ച ലബനനിൽ ആയിരത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.
പാകിസ്താനാണ് മധ്യസ്ഥത നിന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും ഫീൽഡ് മാർഷൽ അസീം മുനീറുമായും ചർച്ചകൾ നടത്തിയെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയും ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് അരങ്ങൊരുക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇരുരാജ്യങ്ങളേയും അറിയിച്ചു.
ഇറാൻ നൽകിയ പത്തിന നിർദേശങ്ങളിലാണ് തുടർചർച്ചകൾ നടക്കുക. വെള്ളിയാഴ്ച ഈ ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന. ഉപരോധം പിൻവലിക്കണം, ഊർജ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണം തുടരാൻ അനുവദിക്കണം, ഇനി ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. നാൽപ്പതു ദിവസത്തിനു ശേഷമാണ് ഹോർമൂസ് കടലിടുക്ക് തുറക്കുന്നത്. ലോകമെങ്ങുമുള്ള എണ്ണ ലഭ്യത കുറഞ്ഞ് വലിയ വിലക്കയറ്റത്തിലേക്കാണ് ഈ ദിവസങ്ങൾ കടന്നുപോയത്. ബാരലിന് 60 ഡോളറിൽ നിന്ന് 120 ഡോളറിലേക്കു വരെയാണ് എണ്ണവില കൂടിയത്. ഇന്ത്യ ഈ ദിവസങ്ങളിൽ 156 ഡോളറിനു വരെ എണ്ണ വാങ്ങേണ്ടി വന്നു.





































