ഫ്ലോറിഡ: ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച് ആർട്ടിമിസ് 2 ദൗത്യ സംഘം. ഭൂമിയിൽനിന്ന് 2,52,757 മൈൽ പിന്നിട്ടതോടെയാണ് ആർട്ടിമിസ് 2 യാത്രക്കാർ ചരിത്രം കുറിച്ചത്. 2,48,655 മൈൽ (ഏകദേശം 4,00,171 കി.മീ) പിന്നിട്ട് 1970ൽ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആർട്ടിമിസ് 2 മറികടന്നത്.
ആർട്ടിമിസ് 2 ദൗത്യത്തിലെ പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന നിമിഷം (ഫ്ലൈബൈ) ഇന്ന് പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) തുടങ്ങും. ഭൂമിയിൽനിന്നു കാണാൻ സാധിക്കാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങൾ യാത്രികർ എടുക്കും. ചന്ദ്രന് 6000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും.
അപ്പോളോ 8 ദൗത്യത്തിൽ ചിത്രീകരിച്ച എർത്ത്റൈസ് എന്ന ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് വീണ്ടും പകർത്താനും ലക്ഷ്യമിടുന്നു. 6 മണിക്കൂർ വരെ നീളുന്നതാകും ഈ ഘട്ടം. ഇതിനിടെ 40 മിനിറ്റോളം ഭൂമിയിൽ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം അസാധ്യമാകും.
വിദൂരവശത്തായതിനാൽ പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറ സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു ചന്ദ്രയാത്രയിൽ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു.






























