കുവൈത്തിലെ ജലശുദ്ധീകരണ ശാലയിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇറാനിലെ പെട്രോ കെമിക്കൽ പ്ളാന്‍റ് ഇസ്രായേൽ ആക്രമിച്ചു. എണ്ണവില വർദ്ധന തടയാൻ ഇറാന്‍റെ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് കരയുദ്ധം നയിക്കുമെന്നാണ് ഇറാന്‍റെ മറുപടി.
കുവൈത്തിലെ വമ്പൻ വൈദ്യുതി നിലയവും ജലശുദ്ധീകരണ ശാലയുമുള്ള കെട്ടിടമാണ് ഇറാൻ ആക്രമിച്ചത്. കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജലശുദ്ധീകരണശാലയ്ക്ക് കാര്യമായ നാശനഷ്ടം വന്നു എന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ കുവൈത്ത് ലക്ഷ്യമിട്ട് 14 മിസൈലുകളും 12 ഡ്രോണുകളുമാണ് എത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ ആക്രമണമാണ് ഇറാൻ നടത്തുന്നത്. ഇറാനിലെ തബ്രിസിൽ പെട്രോകെമിക്കൽ പ്ലാന്‍റ് ഇസ്രായേൽ ആക്രമിച്ചു. വാതകച്ചോർച്ചയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലബനനിൽ ആക്രമണത്തിനിടെ ഒരു യുഎൻ സമാധാന സേനാംഗം കൊല്ലപ്പെട്ടു. യമനിലെ ഹൂതികൾ ഇസ്രായേലിലേക്ക് വീണ്ടും മിസൈലുകൾ അയച്ചു.
എണ്ണവില വർദ്ധനയും ക്ഷാമവും തടയാൻ ഇറാന്‍റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കയുടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ അമേരിക്ക ഖാർഗ് ദ്വീപ് ആക്രമിച്ചത് വലിയ വിവാദമായിരുന്നു. ഇറാന്‍റെ എണ്ണകയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ദ്വീപാണ് ഖാർഗ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കേന്ദ്രങ്ങളിൽ ഒന്നുമാണ്. കരയുദ്ധത്തിലൂടെ ഖാർഗ് പിടിച്ചെടുത്ത് എണ്ണ വിതരണം ചെയ്യുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങൾ കീഴടക്കുമെന്നാണ് ഇറാന്‍റെ മറുപടി. വെടിനിർത്തലിനുള്ള സാധ്യതകൾ തേടി പാകിസ്താനിലെ ഇസ്ലാമാബാദിൽ മധ്യസ്ഥ കൂടിയാലോചനകൾ തുടരുകയാണ്. പാകിസ്താനു പുറമെ സൌദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് പങ്കെടുക്കുന്നത്.




































