അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം അബദ്ധത്തില്‍ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ കോടതി. മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂര്‍ സ്റ്റേറ്റ് കൊറോണര്‍ ആദം നഖോദ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന സുബിന്‍ ഗാര്‍ഗ് മരണത്തിലെ തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
2025 സെപ്റ്റംബര്‍ 19നാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ സുബിന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ യാട്ട് യാത്രക്കിടെ കടലില്‍ വീണ് മരിച്ചത്. സംഭവസമയത്ത് ഗായകന്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സുരക്ഷാ കവചം ധരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും സിംഗപ്പൂര്‍ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന്റെ ഈ നിഗമനങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന നിലപാടിലായിരുന്നു അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെ നേരിട്ട് രംഗത്തെത്തുകയും മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഗായകന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ, പരിപാടി സംഘടിപ്പിച്ച ശ്യാംകാനു മഹന്ത തുടങ്ങി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ കോടതിയുടെ പുതിയ വിധി ഇന്ത്യയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.
ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിന്‍ ഗാര്‍ഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. ആദ്യഘട്ട അന്വേഷണത്തില്‍ നിന്ന് മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. നീന്തല്‍ കുളത്തിലെ സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിന്‍ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.
എന്നാല്‍ നീന്തല്‍ വിദഗ്ധനായ സുബീന്‍ ഗാര്‍ഗ് മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്‌സാക്ഷിയും ബാന്റ് അംഗവുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.സുബിന്റെ ഭാര്യ ഗരിമയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.





























