പശ്ചിമേഷ്യൻ സംഘര്‍ഷം മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിൽ. ഈ സാഹചര്യത്തില്‍ വിമാനം റദ്ദാക്കുന്നതിനും ചികിത്സാ ആവശ്യങ്ങള്‍ക്കും ജീവഹാനിക്കും ട്രാവല്‍, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എത്രത്തോളം ലഭിക്കുമെന്ന് നോക്കാം.
പശ്ചിമേഷ്യൻ സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ താളംതെറ്റിയിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതോടെ നൂറുകണക്കിന് ഇന്ത്യന്‍ യാത്രക്കാരാണ് വിവിധ വിദേശ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എത്രത്തോളം തുണയാകുമെന്ന് പരിശോധിക്കാം.
- വിമാനം വൈകിയാലോ റദ്ദാക്കിയാലോ ക്ലെയിം ലഭിക്കുമോ?
വിദേശയാത്ര നടത്തുന്ന ഭൂരിഭാഗം പേര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടാകാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ക്ലെയിം ലഭിക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്:
എപ്പോള്‍ പോളിസി എടുത്തു: സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പ് പോളിസി എടുത്തവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുള്ളൂ. പ്രശ്‌നങ്ങള്‍ തുടങ്ങിയ ശേഷം പോളിസി എടുക്കുന്നവര്‍ക്ക് ‘മുന്‍കൂട്ടി അറിയാവുന്ന സംഭവം’ എന്ന നിലയില്‍ ക്ലെയിം നിഷേധിക്കപ്പെട്ടേക്കാം.
ടേം ഇന്‍ഷുറന്‍സ് മാത്രം മതിയോ? കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
യുദ്ധം എന്ന നിബന്ധന: ഒട്ടുമിക്ക ഇന്‍ഷുറന്‍സ് പോളിസികളിലും ‘യുദ്ധം’ കാരണമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിരക്ഷ ഉണ്ടാകില്ല. എന്നാല്‍ വിമാനത്താവളം അടച്ചതുകൊണ്ടോ സാങ്കേതിക കാരണങ്ങളാലോ വിമാനം റദ്ദാക്കിയാല്‍ ട്രിപ്പ് ഡിലേ ആനുകൂല്യം ലഭിച്ചേക്കാം.
- ചികിത്സാ സഹായം ലഭിക്കുമോ?
വിദേശത്തുവെച്ചുണ്ടാകുന്ന സാധാരണ അസുഖങ്ങള്‍ക്കും അപകടങ്ങള്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് ചികിത്സാ സഹായം നല്‍കും. എന്നാല്‍:
യുദ്ധക്കെടുതികള്‍: മിസൈല്‍ ആക്രമണമോ വെടിവെപ്പോ മൂലം പരിക്കേറ്റാല്‍ 99 ശതമാനം ഇന്‍ഷുറന്‍സ് കമ്പനികളും ചികിത്സാ ചിലവ് നല്‍കില്ല.
പ്രത്യേക പോളിസികള്‍: മാധ്യമപ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി യുദ്ധമേഖലകളിലെ പരിരക്ഷ ഉള്‍പ്പെടുന്ന പ്രത്യേക ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയ്ക്ക് പ്രീമിയം വളരെ കൂടുതലായിരിക്കും.
- ലൈഫ് ഇന്‍ഷുറന്‍സ്
സാധാരണയായി ടേം ഇന്‍ഷുറന്‍സുകള്‍ക്ക് ലോകത്തെവിടെയും പരിരക്ഷ ലഭിക്കാറുണ്ട്.
വിദേശത്തുവെച്ചുള്ള സ്വാഭാവിക മരണങ്ങള്‍ക്ക് ക്ലെയിം ലഭിക്കാന്‍ തടസ്സമില്ല.
എന്നാല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയോ യുദ്ധം മൂലം മരിക്കുകയോ ചെയ്താല്‍ പോളിസിയിലെ നിബന്ധനകള്‍ അനുസരിച്ചേ പണം ലഭിക്കൂ. ഓരോ കമ്പനിയുടെയും നിബന്ധനകള്‍ വ്യത്യസ്തമായിരിക്കും.
- വിദേശത്തുവെച്ച് മരണം സംഭവിച്ചാല്‍ എന്തുചെയ്യണം?
ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കമ്പനി വഹിക്കും. ഇല്ലെങ്കില്‍ കുടുംബം വഹിക്കേണ്ടി വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഗവണ്‍മെന്റിന്റെ ഫണ്ടില്‍ നിന്നും സഹായം ലഭിക്കാന്‍ അപേക്ഷിക്കാം.




























