ടെൽ അവീവ്: ഇറാൻ്റെ അതിശക്തമായ പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ കനത്ത ജാഗ്രത. രാജ്യത്തെ ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻപ് ഇറാനുമായി ഏറ്റുമുട്ടലുണ്ടായപ്പോൾ ഇസ്രയേലിൽ സോറോക മെഡിക്കൽ സെൻ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഈ അനുഭവം മുൻനിർത്തിയാണ് ഇസ്രയേലിൻ്റെ നടപടി.
ഇതേ ആശുപത്രികളിലെ ഭൂഗർഭ അറകളിലേക്കാണ് രോഗികളെ മാറ്റിയത്. ഇസ്രയേലിൽ ആക്രമണം ഉണ്ടായാൽ രോഗികളെ മാറ്റാൻ സാധിക്കും വിധം ഭൂഗർഭ അറകൾ നേരത്തെ സജ്ജീകരിച്ചിരുന്നു. ഭൂഗർഭ സംവിധാനമില്ലാത്ത സർക്കാർ ആശുപത്രികളിൽ നിന്നും രോഗികളെ സ്വകാര്യ ആശുപത്രികളുടെ സംവിധാനങ്ങളിലേക്ക് മാറ്റുമെന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇത്തരം സംവിധാനമില്ലാത്ത ആശുപത്രികൾ അടിയന്തര സാഹചര്യം പരിഗണിച്ച് അടച്ചു. ഇവിടെ പ്രവേശിപ്പിച്ച രോഗികളെ ഇത്തരം സംവിധാനമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇതിന് പുറമെ രാജ്യത്ത് ടെലിമെഡിസിൻ സംവിധാനം പ്രവർത്തന ക്ഷമമാക്കി.
ആക്രമണം തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായിരിക്കുന്നത് ഇറാനിലാണ്. മേഖലയിൽ ഒറ്റപ്പെട്ട ഇറാൻ അതിരൂക്ഷമായ പ്രത്യാക്രമണം തുടരുകയാണ്. അറബ് രാജ്യങ്ങളും ഇസ്രായേലും ലക്ഷ്യമിട്ട് നൂറ് കണക്കിന് മിസൈലുകൾ തൊടുത്തുവിട്ട ഇറാൻ രാത്രിയോടെ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. കുവൈത്ത് വിമാനത്താവളം അടക്കം ആക്രമിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.





























