23.7 C
Kollam
Wednesday 11th February, 2026 | 04:10:14 AM
Home News Breaking News ജെഫ്രി എപ്സ്റ്റീൻ ഫയല്‍,സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതിന് മതിയായ തെളിവുകളില്ല, ഫെഡറൽ ബ്യൂറോ ഓഫ്...

ജെഫ്രി എപ്സ്റ്റീൻ ഫയല്‍,സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതിന് മതിയായ തെളിവുകളില്ല, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

Advertisement

ന്യൂയോര്‍ക്ക്: ജെഫ്രി എപ്സ്റ്റീൻ കേസില്‍ പുതിയ കണ്ടെത്തലുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതായി തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ധാരാളം തെളിവുകളുണ്ട്. എന്നാൽ സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതിന് മതിയായ തെളിവുകളില്ലെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ജെഫ്രി എപ്സ്റ്റീൻ്റെ ബാങ്ക് രേഖകളും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും ഇമെയിലുകളുമടക്കം പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യത്തിൽ തെളിവുകളുടെ അഭാവമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചില ആളുകളുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം പരിശോധിച്ചുവെന്നും തെളിവില്ലെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എപ്സ്റ്റീൻ്റെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത വീഡിയോകളിലും ഫോട്ടോകളിലും ഇരകളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചിട്ടില്ല. കൂടാതെ സാമ്പത്തിക രേഖകൾ പരിശോധിച്ചപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവും കണ്ടെത്തിയില്ലെന്ന് 2019ലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എപ്സ്റ്റീനിൻ്റെ ഒരു ഇര തന്നെ പ്രമുഖർക്ക് കാഴ്‌ച വച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മറ്റ് ഇരകളാരും സമാനമായ മൊഴി നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ കേസുകൾ പ്രാദേശിക എജൻ്റുമാര്‍ക്ക് കൈമാറിയെന്ന് ഭരണകൂടം അറിയിച്ചിരുന്നു. നാലോ അഞ്ചോ എപ്സ്റ്റീൻ കുറ്റാരോപിതർ മാത്രമാണ് ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി സമ്മതിച്ചതെന്നാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാൽ ഈ മൊഴിയൊന്നും ഫെഡറൽ കുറ്റം ചുമത്താൻ മതിയായ തെളിവുകളല്ലെന്നും അതിനാൽ കേസുകൾ പ്രാദേശിക നിയമപാലകർക്ക് കൈമാറിയെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

2005-ൽ ഫ്ലോറിഡയിലെ പാം ബീച്ചില്‍ 14 വയസുള്ള ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചതിലൂടെയാണ് എപ്സ്റ്റീൻ കേസ് അന്വേഷണം ആരംഭിച്ചത്. സമാന അനുഭവം നേരിട്ട ഏകദേശം 35 ഓളം പെൺകുട്ടികളെ പൊലീസ് കണ്ടെത്തിയിരുന്നു. ഹൈസ്‌കൂൾ വിദ്യാർഥികളെ 300 ഡോളർ വരെ നൽകി മസാജിനായി ഉപയോഗിച്ചിരുന്നുവെന്നും പരാതി ലഭിച്ചിരുന്നു.

എന്നാല്‍ കേസ് എഫ്ബിഐക്ക് ലഭിച്ചതോടെ ഫെഡറൽ പ്രോസിക്യൂട്ടർമാർ എപ്സ്റ്റീനിൻ്റെ ചില പേഴ്‌സണൽ സഹായികളെയും കേസിൽ ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് എപ്‌സ്റ്റീന്‍ അറസ്റ്റിലാവുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 18 മാസം തടവിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീൻ 2009 മധ്യത്തോടെ മോചിതനായി.

എന്നാല്‍ 2018 മധ്യത്തോടെ മിയാമി ഹെറാൾഡ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഫെഡറൽ പ്രോസിക്യൂട്ടർമാർ വീണ്ടും രേഖകള്‍ പുനംപരിശോധിക്കുകയായിരുന്നു. 2019 ജൂലൈയിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. പിന്നെ പുറത്ത് വരുന്നത് എപ്സ്റ്റീൻ്റെ മരണ വാർത്തയാണ്. ഇയാള്‍ ജയിലിൽവച്ച് ആത്മഹത്യ ചെയ്‌തുവെന്നാണ് പുറത്ത് വന്ന വാർത്തകള്‍.

ശേഷം എപ്സ്റ്റീൻ്റെ വിശ്വസ്‌തയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനെതിരെ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. ഈ സ്‌ത്രീയാണ് ഇരകളിൽ പലരെയും റിക്രൂട്ട് ചെയ്‌തതെന്നും ലൈംഗിക പീഡനത്തിന് കൂട്ടുനിന്നതെന്നും കണ്ടെത്തി. 2021ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാക്സ്വെല്ലിനെ 20 വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here