Home News Breaking News ട്രംപിന്റെ അവകാശവാദം, പിന്നാലെ റഷ്യയുടെ പ്രതികരണം, ‘ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യം,...

ട്രംപിന്റെ അവകാശവാദം, പിന്നാലെ റഷ്യയുടെ പ്രതികരണം, ‘ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യം, എണ്ണ നല്കുന്നത് തുടരും’

Advertisement

മോസ്കോ: ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യയുടെ ഏക എണ്ണ വിതരണക്കാരെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നും റഷ്യ നിരീക്ഷിച്ചു. ഇന്ത്യയ്ക്ക് എണ്ണ നല്കുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ റഷ്യയെ വിട്ട് വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചു എന്നായിരുന്നു യുഎസ് അവകാശവാദം.

‘’റഷ്യ മാത്രമല്ല ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്നതെന്ന് ഞങ്ങൾക്കും മറ്റ് അന്താരാഷ്ട്ര ഊർജ്ജ വിദഗ്ധർക്കും നന്നായി അറിയാം. ഇന്ത്യ എല്ലായ്പ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്”. അതിനാൽ ഇതിൽ പുതിയതായി ഒന്നുമില്ലെന്നായിരുന്നു റഷ്യൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം.

എന്നാൽ ഇന്ത്യ ഇതുവരെയും ഈ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നിലധികം ഭാഗവും റഷ്യയിൽ നിന്നാണ് എത്തുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here