25.8 C
Kollam
Wednesday 28th January, 2026 | 12:38:36 AM
Home News Breaking News ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി

Advertisement

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

ഷെയ്ഖ് ഹസീനയെ ബം​ഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ളദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ശേഷമുള്ള ബം​ഗ്ലാദേശിലെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ അനുയായികളും പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്. ഇത് വീണ്ടും വൻ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം ബം​ഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലെ കത്ത് ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. അപേക്ഷ വന്നാലും ഇന്ത്യ ഇത് തള്ളും. കോടതി വിധി തട്ടിപ്പാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ബം​ഗ്ലാദേശിൽ സമാധാനം പുനസ്ഥപിക്കാൻ എല്ലാ കക്ഷികളും ചേർന്നുള്ള തെരഞ്ഞെടുപ്പാണ് ആവശ്യം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹസീനയുടെ അവാമി ലീഗിനും ബീഗം ഖാലിദ സിയയുടെ ബം​ഗ്ലാദേശ് നാഷണൽ പാർട്ടിക്കും ഇടയ്ക്ക് ഇക്കാര്യത്തിൽ ധാരണയ്ക്കുള്ള നീക്കം നടക്കാനുള്ള സാധ്യത ഉന്നത വൃത്തങ്ങൾ തള്ളുന്നില്ല. നിഷ്പക്ഷ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയാൽ മടങ്ങാൻ തയ്യാറെന്ന സന്ദേശമാണ് ഹസീന ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ കലാപം നടത്തിയ വിദ്യാർത്ഥി നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും. അവാമി ലീഗിന് കൂടി പങ്കാളിത്തമുള്ള ബം​ഗ്ലാദേശിലെ സ്ഥിരതയും സമാധാനവും ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ നയം. ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് എന്നാണ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനൂസ് നേരത്തെ സൂചന നൽകിയത്. അതിനാൽ അതുവരെ ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ഏത് അപേക്ഷയും ഇന്ത്യ തള്ളിക്കളയും എന്നുറപ്പാണ്.

Advertisement