‘ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തി’; ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

Advertisement

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യ ഉടൻ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപെട്ടു എന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ബം​ഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി. ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന് ബം​ഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇക്കാര്യം പരാമർശിക്കാത്ത ഇന്ത്യയുടെ പ്രതികരണം നൽകുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Advertisement