പാതിരാത്രിയിൽ ഷോപ്പിംഗ് മാളിന്റെ മേൽക്കൂര പൊളിച്ച് മോഷ്ടാക്കൾ അടിച്ച് മാറ്റിയത് 500 ജോഡി ഷൂസുകൾ, നഷ്ടം 50 ലക്ഷം

Advertisement

ഫ്ലോറിഡ: ഷോപ്പിംഗ് മാളിന്റെ മേൽക്കൂര തുളച്ച് അകത്ത് കയറിയ മുഖംമൂടി ധാരികളായ കള്ളന്മാർ അടിച്ച് മാറ്റിയത് 500 ജോഡി ആഡംബര ഷൂസുകൾ. 50000 യുഎസ് ഡോളർ (ഏകദേശം 4392500 രൂപ) വിലവരുന്ന മോഷണമാണ് അമേരിക്കയിലെ ഫ്ലോറിഡയിലെ പ്രമുഖ മാളിൽ നടന്നത്. സ്പോർട്സ് ഷൂ നിർമ്മാതാക്കളായ നൈക്കി, ന്യൂ ബാലൻസ് എന്നിവയുടെ സ്നീക്കറുകളാണ് മോഷ്ടാക്കൾ കടത്തിയത്. ഫ്ലോറിഡയിലെ ജെൻസൻ ബീച്ചിന് സമീപത്തെ ട്രഷ‍ കോസ്റ്റ് മാളിലെ ചാംപ്സ് സ്പോർടിംഗ് ഗുഡ്സ് എന്ന കടയിലേക്കാണ് മേൽക്കൂര തകർത്ത് പാതിരാത്രിയിൽ കള്ളന്മാരെത്തിയത്. അ‍ർധരാത്രിക്കും രാവിലെ 8 മണിക്കും ഇടയിലാണ് മോഷണം നടന്നത്. രാവിലെ മോഷണ മുതലുമായി കടന്നുകളയുന്നതിനിടെ കുറച്ച് ഷൂസുകൾ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്.

മിഷൻ ഇംപോസിബിൾ പോലൊരു മോഷണം
മോഷ്ടിച്ച ഷൂസുകളിൽ ടാഗുകളിട്ട് മേൽക്കൂരയിലൂടെ തന്നെയാണ് പുറത്തേക്ക് എത്തിച്ചത്. ഒന്നിലേറെ പേർ ചേർന്നാണ് മോഷണം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെളിച്ചം വന്നതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ പന്ത്രണ്ടോളം ജോഡി ഷൂസാണ് മോഷ്ടാക്കൾ ഉപേക്ഷിച്ചത്. 43 ലക്ഷം രൂപയുടെ ഷൂസ് മോഷണത്തിന് പുറമേ കള്ളന്മാർ മേൽക്കൂരയിൽ സൃഷ്ടിച്ച കേടുപാടുകൾ നീക്കാൻ പത്ത് ലക്ഷം രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിനിമയെ വെല്ലുന്ന രീതിയിലെ മോഷണമാണ് നടന്നതെന്നാണ് കേസ് അന്വേഷിക്കുന്ന മാർട്ടിൻ കൗണ്ടി പൊലീസ് വിശദമാക്കുന്നത്.

മിഷൻ ഇംപോസിബിൾ സിനിമയിലെ ദൃശ്യങ്ങൾക്ക് സമാനമായ തലത്തിലാണ് മോഷണം നടന്നിട്ടുള്ളത്. സ്ഥിരം മോഷ്ടാക്കാൾ കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടത്തിയതാണ് കൊള്ളയെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്ത്രം കൊണ്ടും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രൈൻഡറും ഉപയോഗിച്ചാണ് മേൽക്കൂരയിൽ വലിയ ദ്വാരം സൃഷ്ടിക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചിട്ടുള്ളത്. എന്നാൽ മണിക്കൂറുകൾ എടുത്ത് മേൽക്കൂര പൊളിക്കുന്നത് ആരുടേയും ശ്രദ്ധയിൽ വരാത്തതിലെ അസ്വഭാവികതയും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisement