കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ്. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് നാഷണല്‍ ഗാര്‍ഡിന്‍റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ശൈഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ രാജ്യത്തുടനീളമുള്ള നിരീക്ഷണ ശൃംഖലകളിലൂടെ 24 മണിക്കൂറും റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇത് വരെ ആണവ വികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. ഫോർദോയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിലവിൽ ആശങ്കപ്പെടുത്തുന്ന തോതിൽ വികരണമുണ്ടായിട്ടില്ല. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ. എന്നാൽ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.