കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിധിപ്രസ്താവത്തിലേക്ക് കടക്കുന്നത്.
കൊടുവട്ടൂര്‍ സ്വദേശിയായ സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസിന്റെ വിചാരണവേളയില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതില്‍ 50 പേരും ഡോക്ടര്‍മാരായിരുന്നു. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
also read:
ശക്തമായ തെളിവുകളാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 22 തൊണ്ടിമുതലുകളും 27 രേഖകളും തെളിവുകളില്‍ ഉള്‍പ്പെടുന്നു. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
മുന്‍പ് കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്ത് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയില്‍, ഇയാള്‍ക്ക് വിചാരണ നേരിടാന്‍ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിന്നാലെയാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ഇതിനിടെ പ്രതി നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
2023 മേയ് 10-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നെന്നാണ് കേസ്. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യസംഭവവുമാണിത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും ഈ ദാരുണസംഭവം വഴിവെച്ചിരുന്നു. അതിനിടെ, സ്‌കൂള്‍ അധ്യാപകനായ പ്രതി സന്ദീപിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തു.






























