Home News Breaking News കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി പറയാനിരിക്കെ പ്രതി കോടതിയില്‍ നിന്ന് മുങ്ങി

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി പറയാനിരിക്കെ പ്രതി കോടതിയില്‍ നിന്ന് മുങ്ങി

Advertisement

കൊല്ലം: പോക്സോ കേസില്‍ വിധി പറയാനിരിക്കെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോടതിയില്‍നിന്ന് മുങ്ങി. അസ്സം സ്വദേശി സിറാജുല്‍ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ കോടതിയില്‍ നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം. കരുനാഗപ്പള്ളി പോക്‌സോ കോടതിയില്‍ വിധി പറയാനിരിക്കെ ജാമ്യത്തിലായിരുന്ന പ്രതിയെ പോലീസ് എത്തിച്ചു. കേസില്‍ സിറാജുല്‍ ഹഖ് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയില്‍ നിന്നും മുങ്ങി.
വിവിധ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്യവെയാണ് അസം സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സിറാജുല്‍ ഹഖ് തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തല്‍മണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശാസ്താംകോട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്നും മുങ്ങിയ പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Advertisement