പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി

Advertisement

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥികളായ തൂമ്പാക്കുളം വാഴപ്ലാവില്‍ ഷിജിന്റെയും ബിജി പണിക്കരുടെയും മകള്‍ ആദിലക്ഷ്മി(8), തൂമ്പാക്കുളം തൈപ്പറമ്പില്‍ മന്മഥന്റെയും രാജിയുടെയും മകന്‍ യദുകൃഷ്ണ(4) എന്നിവര്‍ക്കാണ് തൂമ്പാക്കുളം ഗ്രാമം കണ്ണീരോടെ വിടനല്‍കിയത്.

വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി സ്‌കൂളിലെത്തിച്ചത്. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഇവിടെ ഇരുവര്‍ക്കും അന്ത്യോപചാരമര്‍പ്പിച്ചു. കുരുന്നുകളുടെ ചേതനയറ്റശരീരം കണ്ട് പലരും വിങ്ങിപ്പൊട്ടി. തുടര്‍ന്ന് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രണ്ടുപേരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാകും സംസ്‌കാരം.
റോഡില്‍ പാമ്പിനെക്കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടി താഴ്ചയിലുള്ള തോട്ടിലേക്കുമറിഞ്ഞാണ് രണ്ട് കുട്ടികളുടെ ജീവന്‍പൊലിഞ്ഞത്. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആദിലക്ഷ്മി മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. യദുകൃഷ്ണ എല്‍കെജി വിദ്യാര്‍ഥിയും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

Advertisement