മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

Advertisement

മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദര്‍ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കര്‍മലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദര്‍ ഏലീശ്വാ ഇനിമുതല്‍ വാഴ്തപ്പെട്ട മദര്‍ ഏലീശ്വയായി അറിയപ്പെടും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുളള യാത്രയില്‍ ഒരു പടികൂടി കടന്നിരിക്കുന്നു മദര്‍ ഏലീശ്വ. വല്ലാര്‍പാടം ബസലിക്കയില്‍ വരാപ്പുഴ അതിരൂപതാ മെത്രാന്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങില്‍ ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂര്‍ത്തിയാക്കിയത്. മാര്‍പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടര്‍ ലയോ പോള്‍ ദോ ജെറില്ലി വത്തിക്കാന്റെ സന്ദേശം വായിച്ചു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം. മദറിന്റെ തിരുശേഷിപ്പ് വല്ലാര്‍പാടം പളളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദര്‍ ഏലീശ്വ 1831 ല്‍ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കര്‍മലീത്ത സന്യാസിനി സഭയായ തേഡ് ഓര്‍ഡര്‍ ഓഫ് ഡിസ്‌കാല്‍സെഡ് കാര്‍മലൈറ്റ്‌സിന് 1866 ല്‍ രൂപം നല്‍കി. 1913 ല്‍ ആയിരുന്നു മരണം. 2008ലാണ് മദര്‍ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ല്‍ ധന്യയായി പ്രഖ്യാപിച്ചു. കൃത്യം രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ന്നത്.

Advertisement