Home Blog Page 899

കടല വണ്ടിക്ക് തീപിടിച്ച് കത്തിനശിച്ചു

ഈരാറ്റുപേട്ട നഗരസമധ്യത്തിൽ കടല വണ്ടിക്ക് തീപിടിച്ച് കത്തിനശിച്ചു. റഹീമിന്റെ ഉടമസ്ഥതയിലുള്ള കടല വണ്ടിയാണ് തിങ്കളാഴ്ച നാലുമണിയോടെ ഈരാര്‌റുപേട്ട സെൻട്രൽ ജങ്ഷനിലാണ് കത്തിനശിച്ചത്. ഓടിയെത്തിയ വ്യാപാരികൾ വെള്ളമൊഴിച്ച് തീകെടുത്തി. സ്‌കൂൾ വിട്ട സമയമായതിനാൽ വിദ്യാർഥികളും മറ്റുയാത്രക്കാരും ട്ട സെൻട്രൽ ജങ്ഷനിലെ ബസ്റ്റോപ്പിൽ ഉണ്ടായിരുന്നു. കടല വറുക്കുവാള്ള ഗ്യാസ് സ്റ്റൗവിലെ ചോർച്ചയാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു.
അണയ്ക്കാൻ ശ്രമിക്കവേ റഹീമിന്റെ കൈക്ക് പൊള്ളലേറ്റു. വർഷങ്ങളായി കടല കച്ചവടം നടത്തുന്ന റഹീമിന്റെ ഏക വരുമാന മാർഗമായിരുന്നു ഇത്.

പോക്സോ കേസിൽ ലാബ് ഉടമ അറസ്റ്റിൽ

പത്തനംതിട്ട. പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും, മൊബൈൽ ഫോണിൽ അശ്ലീലവീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത ലാബ് ഉടമ പിടിയിൽ. ഓമല്ലൂർ ആറ്റരികം ചെറിയമംഗലത്ത് വീട്ടിൽ അജിത് സി കോശി (57) ആണ് അറസ്റ്റിലായത്.

പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈമാസം 17 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.

വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതോടെയാണ് പുറത്തായത്

വനിതാ പോലീസിനെ ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം. വനിതാ പോലീസിനെ ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35)ആണ് പിടിയിലായത്. ഇന്റർനെറ്റിൽ നിന്നും നമ്പർ ശേഖരിച്ച് ഫോൺ വിളിച്ച് അശ്ലീലം പറയുന്നതാണ് രീതി. ഐജി മുതൽ സി പി ഓ വരെയുള്ള വനിത ഉദ്യോഗസ്ഥരെ ഇയാൾ അശ്ലീലം പറഞ്ഞിട്ടുണ്ട്.

ഒടുവിൽ പിടിയിലായത് വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ്. കഴക്കൂട്ടം പോലീസ് ജോസിനെ പിടികൂടിയത് എറണാകുളത്തുനിന്ന്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ജോസ് ഇത്തരത്തിലുള്ള 20 ഓളം കേസുകളിൽ പ്രതിയാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടും ഇയാൾ ഹോബി മാറ്റിയില്ല. എറണാകുളത്തും തിരുവനന്തപുരത്തും മോഷണ കേസുകളും ഇയാൾക്കെതിരെയുണ്ട്

രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിനും കേസുണ്ട്. ഒടുവിൽ കഴക്കൂട്ടത്ത് പിടിയിലായപ്പോഴും യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് ജോസിന്റെ നിൽപ്പ്. ജയിൽ വാസം കഴിഞ്ഞ് വീണ്ടും പുറത്തിറങ്ങിയാലും ഇതേ ഹോബി തുടരുന്ന ജോസിനെ എങ്ങനെ നേരെയാക്കുമെന്നറിയാതെ വലയുകയാണ് പൊലീസ്.

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

സെഞ്ച്വറി നേട്ടവുമായി രാഹുലും പന്തും

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിഷഭ് പന്തും കെ. എല്‍. രാഹുലും. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 227 പന്തിൽ 120 റൺസുമായി താരം ക്രീസിൽ ഉണ്ട്. രാഹുലിന് പുറമെ റിഷഭ് പന്തും സെഞ്ച്വറി നേടി. 140 പന്തിൽ 118 റൺസ് നേടി താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 304 റൺസ് ലീഡ് നേടിയിട്ടുണ്ട്.

നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍

നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് സംഭവം. മേയ് 18നായിരുന്നു തേജസ്വറും (32), ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ജൂണ്‍ 17ന് തേജസ്വറെ കാണാതായി. ഭാര്യയുടെ പ്രണയബന്ധമാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തേജസ്വറെ കൊല ചെയ്തതാകാം എന്ന സംശയവും കുടുംബം പങ്കുവച്ചു. 

ഐശ്വര്യയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. ഇന്‍ഡോറിലെ രാജ രഘുവന്‍ഷിയുടെ കൊലപാതക വാര്‍ത്തയോട് ഉപമിച്ചാണ് കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തേജസ്വറിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ ഐശ്വര്യയും അമ്മ സുജാതയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. 

പ്രൈവറ്റ് സര്‍വേയറും നൃത്തധ്യാപകനുമാണ് മരണപ്പെട്ട തേജസ്വര്‍. ബാങ്കുദ്യോഗസ്ഥനായ മറ്റൊരാളുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. തേജസ്വറും ഈ ബാങ്കുദ്യോഗസ്ഥനുമായി ഒരേസമയം ഐശ്വര്യ പ്രണയബന്ധത്തിലായിരുന്നു. രണ്ടുപേരും ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍   വീട്ടുകാര്‍  തേജസ്വറുമായി ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചു.  എന്നാല്‍ വിവാഹത്തീയതി  അടുത്തപ്പോഴേക്ക് ഐശ്വര്യയെ കാണാതായി. ഇതോടെ വിവാഹം മാറ്റിവച്ചു. പിന്നീട് മടങ്ങിയെത്തിയ ഐശ്വര്യ തേജസ്വറെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന്  അറിയിച്ചു.
എന്നാല്‍ തേജസ്വറിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹം ഉറപ്പിച്ചശേഷം ഇറങ്ങിപ്പോകുകയും പിന്നീട് വന്ന് വിവാഹത്തിന് സമ്മതമാണെന്നുമൊക്കെ ഐശ്വര്യ പറയുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന് തേജസ്വറിന്‍റെ വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തേജസ്വര്‍ ഇതിനൊന്നും ചെവികൊടുത്തില്ല. അവന് അവളോട് അത്രയും പ്രേമമായിരുന്നു, ഇപ്പോള്‍ കൊണ്ടുപോയി കൊന്നില്ലേ എന്ന് ചോദിച്ചാണ് തേജസ്വറിന്‍റെ കുടുംബം അലമുറയിടുന്നത്.

നിലമ്പൂരിൽ വിധി നിർണയിച്ചത് എന്ത്

നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമെന്ന് വ്യക്തമാകുന്നു. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു.

മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ.. ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐ എം മനപ്പായസമുണ്ടു. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐ എമ്മിനായില്ല. ബൂത്തു തല കണക്കുകളും അവലോകനങ്ങളും സി പി ഐ എം പതിവു പോലെ നടത്തി. ഉറപ്പുള്ള വോട്ടു മാത്രം കണക്കാക്കി ബ്രാഞ്ച് സെക്രട്ടറിമാർ 2000 വോട്ടിന് മേൽ സ്വരാജ് ജയിക്കുമെന്ന കണക്കും തയ്യാറാക്കി. മന്ത്രിമാരും MLA മാരും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കൾ വോട്ടർമാരെ പലവട്ടം നേരിൽ കണ്ടു. പക്ഷേ സിപിഐ എമ്മിൻ്റെ കണക്ക് കൂട്ടൽ തെറ്റി.

അന്‍വര്‍ എന്ന ചൂടുചേമ്പ് സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തെളിയിച്ചത് വിഡി സതീശന്‍റെ മികവാണ്. അന്‍വറിനെ വാരിപ്പുണര്‍ന്നെങ്കില്‍ ഈ വിജയം അന്‍വര്‍ കൊണ്ടുപോകുമായിരുന്നു. അന്‍വര്‍ നിര്‍ണായക ശക്തിയായി യുഡിഎഫില്‍ കയറുകയും സ്ഥിരം തലവേദന ആവുകയും ചെയ്യുമായിരുന്നു. അത് ഒഴിവായികിട്ടി എന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന്‍ കോണ്‍ഗ്രസിനു സമ്മാനിച്ച നേട്ടമാണ്. അന്‍വര്‍ ഫാക്ടര്‍ എത്രത്തോളം എന്ന് ഇരുമുന്നണികള്‍ക്കും അറിയാന്‍ പറ്റി. അന്‍വര്‍ എന്ന ചുടുചേമ്പ് മുന്നണിയില്‍ വേണമോ എന്ന് യുഡിഎഫ് ആലോചിക്കണം.

മറുവശത്ത് കോൺഗ്രസും ലീഗും മുമ്പില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇവരുടെ മുൻകയ്യിൽ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തത് 8000 ത്തോളം പേരെയാണ്. കേരളത്തിന് പുറത്തുള്ള നിലമ്പൂർ മണ്ഡലക്കാരായ 4300 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 70% പേരെ ബൂത്തിലെത്തിച്ചു. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. സി പി ഐ എമ്മിന് RSS ബന്ധമെന്നാരോപിച്ചു. എം വി ഗോവിന്ദൻ്റെ പരാമർശം യു ഡി എഫ് ആരോപണത്തിന് അടിവരയിട്ടു. പി വി അൻവറിനെ LDF ഉം UDF ഉം തളളിക്കളഞ്ഞെങ്കിലും കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിനായി. മത്സരിക്കണമോ വേണ്ടയോ എന്ന് അവസാന നിമിഷം വരെ ആലോചിച്ചിരുന്നNDA ക്ക് മണ്ഡലത്തിൽ കാര്യമായ വളർച്ചയില്ലെന്നും ജനവിധി വ്യക്തമാക്കുന്നു.

മോദിയുടെ ഊർജസ്വലതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ട്,പ്രധാനമന്ത്രിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപിയുടെ ലേഖനം

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപിയുടെ ലേഖനം. മോദിയുടെ ഊർജസ്വലതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണെന്ന് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ പ്രശംസിച്ചു. തരൂർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും എക്സില്‍ പങ്കുവെച്ചു.

ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന ദേശീയ നേതൃത്വത്തിൻരെ മുന്നറിയിപ്പിന് പിന്നാലെയാണ് വീണ്ടും ശശി തരൂരിന്റെ പ്രകോപനം. ദ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ തരൂർ മോദിയുടെ പ്രവർത്തന രീതിയെ പുകഴ്ത്തുന്നു. പ്രധാനമന്ത്രിയുടെ ചലനാത്മകതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണ്. മോദിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ വേണം. ലോക നേതാക്കളുമായി ഇടപെടാനുള്ള പ്രധാനമന്ത്രിയുടെ കഴിവും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളിൽ കൃത്യതയോടെ വിശദീകരിക്കാൻ കഴിഞ്ഞുവെന്നും ശശി തരൂര്‍ വിശദീകരിക്കുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ റഷ്യയിലുള്ള തരൂർ നേരത്തെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ ശേഷമാണ് വിദേശ പര്യടനത്തിന് പുറപ്പെട്ടത്. പാർട്ടിയെ നിരന്തരം കുഴപ്പിക്കുന്ന പ്രവർത്തക സമിതി അംഗം കൂടിയായ തരൂരിനെ പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്. എന്നാൽ തരൂരിനെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ല എന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ലേഖനത്തിനോട് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

എറണാകുളം മഹാരാജാസിനു മുൻപിൽ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം

കൊച്ചി. എറണാകുളം മഹാരാജാസിനു മുൻപിൽ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഭാരതാംബ വിവാദത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശവൻകുട്ടിയുടെ കോലം കത്തിക്കുവാൻ മാർച്ചുമായി എബിവിപി മഹാരാജാസിനും ലോ കോളജിനു മുന്നിലൂടെ കടന്നു പോയപ്പോഴായിരുന്നു സംഘർഷം. ഇരുവിഭാഗവും പരസ്പരം ചെരുപ്പുകൾ എറിഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ മന്ത്രിയുടെ കോലം കത്തിക്കാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കി. സംസ്ഥാന വ്യാപകമായി എബിവിപി ആഹ്വാനം ചെയ്തിരുന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായിരുന്നു പ്രതിഷേധം.

അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കാസർഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീര മേഖലയിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

വിഎസ് അപകടനില തരണം ചെയ്തു

തിരുവനന്തപുരം. ഹൃദയാഘാതത്തെ തുടർന്ന് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തെങ്കിലും വെൻറിലേറ്റർ സൌകര്യമുളള തീവ്രപരിചരണ
വിഭാഗത്തിൽ തുടരുകയാണ്.ആശുപത്രിയിൽ കഴിയുന്ന വി.എസിനെ CPIM സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദൻ ഉൾപ്പെടെയുളള നേതാക്കൾ സന്ദർശിച്ചു

ഇന്നലെ മുതൽ തന്നെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദന് ഇന്ന് രാവിലെ 9മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായത്.മകളുടെ ഭർത്താവായ ഡോക്ടർ തങ്കരാജിൻെറ നേതൃത്വത്തിൽ സി.പി.ആർ
നൽകിയ ശേഷം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി.എസ് അപകട നില തരണം
ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് കൊണ്ട് CPIM നേതാക്കൾ
നേതാക്കൾ അറിയിച്ചു

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സംഭവിച്ച പക്ഷാഘാതത്തെ തുടർന്ന് വി.എസ്
കുറച്ച്നാളായി വിശ്രമത്തിലാണ്.101 വയസ് പിന്നിട്ട വി.എസിൻെറ അസുഖ വിവരമറിഞ്ഞ് പാർട്ടി
നേതാക്കളടക്കം നിരവധി പേർ ആശുപത്രിയിൽ എത്തി.