Home Blog Page 779

തിങ്കളാഴ്ച ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍, കാരണങ്ങളറിയണോ?

ഹൃദയാഘാതം അത് നമ്മെ തേടി എപ്പോള്‍ വേണമെങ്കിലും എത്താം. 85 ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദയാഘാതമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്..

ലോകമെമ്പാടുമുള്ള ഹൃദയാഘാതങ്ങളില്‍ 32ശതമാനവും വാരാദ്യങ്ങളിലാണ് സംഭവിക്കുന്നതെന്നാണ് വിദ?ഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രവൃത്തി വാരം ആരംഭിക്കുന്ന തിങ്കളാഴ്ചകളില്‍ നാമേറെ കരുതിയിരിക്കേണ്ടിയിരിക്കുന്നു.

രക്തധമനി പൂര്‍ണമായും തടസപ്പെടുമ്‌പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പലപ്പോഴും സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണെന്നും ഇവര്‍ പറയുന്നു.
എന്ത് കൊണ്ട് തിങ്കള്‍?
പ്രവൃത്തി വാരം ആരംഭിക്കുന്ന തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാകാന്‍ നിരവധി കാരണങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടുന്നു.

സിര്‍കാഡിയന്‍ താളം
സിര്‍കാഡിയന്‍ റിഥം അഥവ് ഉറക്കം, ഉണര്‍വ് തുടങ്ങിയവയാണ് തിങ്കളാഴ്ചകളിലെ ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ താളം ഹോര്‍മോണുകളെ സ്വാധീനിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സമ്മര്‍ദ്ദം

തിങ്കളാഴ്ചകളിലേക്ക് തൊഴിലിലേക്ക് മടങ്ങുന്നതിന്റെ സമ്മര്‍ദ്ദവും നിങ്ങളുടെ ഹൃദയാഘാതത്തിന് കാരണമാകുന്നു. ഇത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല.

മദ്യം

പലരും വാരാന്ത്യങ്ങളില്‍ മദ്യപിക്കുന്നവരാണ്. ഇത് നിങ്ങളുടെ രക്തചംക്രമണ സംവിധാനത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്കും കൊണ്ടെത്തിക്കുന്നു.

യാത്ര
തിങ്കളാഴ്ച രാവിലെകളിലെ തിരക്ക് പിടിച്ച യാത്രയും ഹൃദയാഘാതത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നു. വായുമലിനീകരണം ഈ ദിവസം ഉയരുന്നതും കായികാദ്ധ്വാനം ഇല്ലാത്തതും സമ്മര്‍ദ്ദവും നിങ്ങളുടെ ഹൃദയം പണിമുടക്കുന്നതിലേക്ക് നയിക്കാം.

എങ്കിലും തിങ്കളാഴ്ച മാത്രമല്ല ഹൃദയാഘാതം ഉണ്ടാകുക. ഡിസംബര്‍ അവസാന ആഴ്ചയും ധാരാളംപേര്‍ ഹൃദയാഘാതം മൂലം മരിക്കാറുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. വര്‍ഷത്തില്‍ മറ്റ് സമയങ്ങളിലേതിനെക്കാള്‍ കൂടുതലാണ് ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ദിനചര്യയിലുണ്ടാകുന്ന മാറ്റം, ഉറക്കം, കായികാഭ്യാസം, ഭക്ഷണക്രമംതുടങ്ങിയവയും ഈ സമയത്തെ ഹൃദയാഘാത സാധ്യതകള്‍ക്ക് കാരണമാകുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍

നെഞ്ച് വേദന, അല്ലെങ്കില്‍ നെഞ്ചില്‍ അമിത സമ്മര്‍ദ്ദം

ഛര്‍ദ്ദിലും മനംപിരട്ടലും
കൈകള്‍ക്കും തോളിലുമുണ്ടാകുന്ന അസ്വസ്ഥത

നടുവേദന, കഴുത്ത് താടി തുടങ്ങിയിടങ്ങളിലുണ്ടാകുന്ന വേദന
ക്ഷീണം

ശ്വാസം മുട്ടല്‍

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. മനംപിരട്ടല്‍, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍, നടു-താടി വേദന എന്നിവ സ്ത്രീകളില്‍ കടുത്ത തോതില്‍ കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടുക.

ഹൃദയാഘാത സാധ്യതകളിലേക്ക് നയിക്കുന്ന ഘടകങ്ങളെ എങ്ങനെ നേരിടാം?

നിത്യവും കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുക
ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരുക
പുകവലി ഉപേക്ഷിക്കുക
ആരോഗ്യകരമായ ഭാരം സൂക്ഷിക്കുക
മദ്യപാനം കുറയ്ക്കുക
രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിരന്തരം പരിശോധിക്കുക
മരുന്നുകള്‍ കൃത്യമായി കഴിക്കുക.

വി എസിനെ കാണാൻ ജനസാഗരം

തിരുവനന്തപുരം:
ആൾക്കൂട്ടം ഒരു പുഴ പോലെ ഒഴുകിയെത്തുകയാണ് എ കെ ജി സെൻ്ററിലേക്ക്. അഴിമതിക്കെതിരായ പോരാട്ടത്തിനൊടുവിൽ ചെങ്കൊടി പുതച്ച് നിശ്ചലനായികിടക്കുന്ന വി എസ് മരിക്കില്ലന്ന് ജനക്കൂട്ടം ഒരേ സ്വരത്തിൽ വിളിച്ച് പറയുന്നു.സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിനാണ് തിരുവനന്തപുരം എ കെ ജി സെൻ്റർ വേദിയാകുന്നത്. ഒരു കമ്മ്യൂണിസ്റ്റ് കാരൻ എങ്ങനെയാകണമെന്ന് വിളിച്ചു പറയുകയാണ് ഈ ജനസഹസ്രങ്ങൾ.സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ചേർന്നാണ് വി എസിൻ്റെ ശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചത്. മുൻ മുഖ്യമന്ത്രി എ കെ ആൻറണി ആൾക്കൂട്ടത്തിനിടയിലൂടെ ആദരാജലി അർപ്പിക്കാനെത്തി.പോലീസ് ഉദ്യോഗസ്ഥരും പാർട്ടി വാളൻ്റിയർമാരും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് നന്നേ പാട് പെടുന്ന കാഴ്ചയാണ് എ കെ ജി സെൻ്റിൽ കാണാൻ കഴിയുന്നത്.

കേരളത്തിൽ വിഎസ് വിലക്കിയതെല്ലാം സിപിഎമ്മിൻ്റെ നിലപാടായി മാറിയ കാഴ്ച; ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ!

തിരുവനന്തപുരം: ബദൽ രേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യൂതാനന്ദൻ വിലക്കിയതൊക്കെ പിന്നീട് പാർട്ടി നിലപാടാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പാർട്ടിയിലെ ആൾബലത്തെ ആശ്രയിച്ചല്ല തത്വാധിഷ്ഠിത നിലപാടുകളെന്ന് തെളിയിക്കാൻ വിഎസിന് സാധിച്ചു.

ശരീഅത്ത് വിവാദവും സ്ത്രീകളോടുള്ള ഇസ്ലാമിന്റെ സമീപനവും കേരള രാഷ്ട്രീയത്തിൽ പുകഞ്ഞ് നിന്ന അതേ കാലത്താണ് ദീർഘകാല ഭരണമെന്ന ലക്ഷ്യത്തോടെ സിപിഎമ്മിലെ ഒരു വിഭാഗം മുസ്ലിം ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നടക്കം ആവശ്യവുമായി ബദൽ രേഖ അവതരിപ്പിച്ചത്. 1985 ലെ പാർട്ടി സംസ്ഥാനസമ്മേളനത്തോടനബന്ധിച്ചായിരുന്നു ഇത്. പാർട്ടിയുടെ ജനകീയമുഖങ്ങളായ എംവി രാഘവനും ഇകെ നായനാറുമടക്കം ബദൽരേഖയ്ക്കൊപ്പം നിന്നു. വർഗ്ഗീയ സംഘടനാബന്ധം വേണ്ടെന്ന ഇഎംസിന്റെയും പിബിയുടെയും നിലപാട് നടപ്പാക്കാൻ ചരട് വലിച്ചത് വിഎസായിരുന്നു. അന്നത്തെ ചേരിതിരിവ് എംവി രാഘവനെയും മറ്റ് രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും പുറത്താക്കുന്നത് വരെയെത്തി.

അച്യുതാനന്ദൻ ജയിച്ച് കയറിയത് ആശയമാണ് പ്രധാനമെന്ന നിലപാടുയർത്തിപ്പിടിച്ചായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മലപ്പുറത്തും മറ്റും സിപിഎം ലീഗുമായി അടവ് സഖ്യമുണ്ടാക്കിയപ്പോഴും അത് സംസ്ഥാനതല സഖ്യമാകാതിരുന്നത് അച്യുതാനന്ദന്റെ കടുംപിടിത്തം കാരണമാണ്. ബദൽരേഖാ കാലത്ത് ഇഎംഎസ് ശരീഅത്ത് വിവാദത്തെയെന്ന പോലെ കാലാകാലങ്ങളിൽ മുസ്ലിം വിഷയങ്ങൾ ആളികത്തിച്ചാണ് അച്യതാനന്ദൻ ലീഗിനെ അകറ്റി നിർത്തിയത്.

പിന്നീട് ബാബ്രി മസ്ജിജ് തകർച്ചയ്ക്ക് ശേഷം ലീഗ് പിളർന്ന് ഐഎൻഎൽ രൂപം കൊണ്ടപ്പോഴും മുന്നണിയിൽ കയറിപ്പറ്റാമെന്ന അവരുടെ നീക്കത്തിന് തടയിട്ടത് അച്യുതാനന്ദനായിരുന്നു. നീക്കുപോക്കുകളിലൂടെ സിപിഎം മലപ്പുറത്തും മറ്റും ചില നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഐഎൻഎല്ലിനെ മുന്നണിയിൽ എടുത്തില്ല. 2006ൽ കരുണാകരൻ കോൺഗ്രസിനെ പിളർത്തി ഡിഐസിയുണ്ടാക്കിയപ്പോഴും തദ്ദേശതെരഞ്ഞെടുപ്പിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ചില നീക്ക് പോക്കുകളുണ്ടായി. പക്ഷെ മുന്നണിപ്രവേശനമോ പരസ്യബന്ധമോ ഉണ്ടായില്ല. കേന്ദ്രനേതൃത്വം അച്യുതാനന്ദൻ ഉയർത്തിയ എതിർപ്പ് കാര്യമായെടുത്തു. വലതു കമ്യൂണിസ്റ്റെന്ന് കുറ്റപ്പെടുത്താറുള്ള സിപിഐയെ ഒപ്പം നിർത്തിയാണ് അച്യുതാനന്ദൻ ഡിഐസിയെ അപ്രസക്തമാക്കിയത്. ഒടുവിൽ എൻസിപിയിൽ ഡിഐസി ലയിച്ചപ്പോൾ അവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ നിന്ന് മാറ്റി നിർത്തി.

ഓരോ ഘട്ടത്തിലും വിഎസിനൊപ്പമുണ്ടായിരുന്നവർ മാറി. പക്ഷെ വിഎസ് നിലപാടുകൾ മുന്നോട്ട് വെച്ച് പാർട്ടിയുടെ അജണ്ട നിശ്ചയിച്ചു. ഇത്തരം നിലപാടുകൾ നടപ്പിലാക്കൻ തക്ക ആൾബലം വിഎസിന് ഒരു കാലത്തും പാർട്ടിയിലുണ്ടായിരുന്നില്ല. പക്ഷെ നിലപാടുകൾക്കൊപ്പം നിൽക്കാൻ നേതാക്കൾ മാറി മാറി വന്നു. വിഎസ് ഒരിക്കലും മാറിയില്ല.അത് കൊണ്ടാകാം അണികളദ്ദേഹത്തെ ശരിപക്ഷമെന്ന് വിളിച്ചത്.

വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്.

ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

വിഎസിന് ആദരം: നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

വിഎസിന്റെ ഓർമ്മയില്‍ കേരള ഹൗസിലെ 204 നമ്പർ മുറി; ഇഷ്ട മുറിക്കായി കലഹിച്ച കഥ

വിഎസ് അച്യുതാനന്ദന്റെ ഓർമ്മയില്‍ കേരള ഹൗസിലെ 204 നമ്പർ മുറി. ഡൽഹിയില്‍ എത്തിയാല്‍ കേരള ഹൗസിലെ ഇരുനൂറ്റി നാലാം നമ്പർ മുറിയില്‍ മാത്രമേ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്നുള്ളു. 204 നമ്പർ മുറി കിട്ടാതിരുന്നപ്പോള്‍ അധികൃതരുമായി കലഹിച്ച ചരിത്രവും വിഎസിനുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോഴുമെല്ലാം വി എസ് ഡൽഹിയിലെത്തിയാല്‍ കേരളഹൗസ് വാര്‍ത്ത കേന്ദ്രമാകുമായിരുന്നു.

കേന്ദ്ര കമ്മിറ്റി യോഗത്തിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും പങ്കെടുക്കാൻ എത്തുമ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുപ്പോഴുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തുമ്പോഴും ദില്ലിയിലെ വിഎസിന്റെ മേല്‍വിലാസം റൂം നമ്പർ 204, കേരള ഹൗസ് ആയിരുന്നു. എല്ലാ കാലത്തും ഈ മുറിയോട് ഒരു ഇഷ്ടം വിഎസ് സൂക്ഷിച്ചിരുന്നു. ഡൽഹിയിലെത്തുമ്പോള്‍ ഇവിടെയല്ലാതെ മറ്റൊരിടത്തും വിഎസ് താമസിച്ചിരുന്നില്ല. നാട്ടിലെ പ്രഭാത നടത്തം ഡൽഹിയിലെത്തുമ്പോള്‍ കേരള ഹൗസിലെ വരാന്തയിലൂടെയാകും. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ ചെറു പുഞ്ചിരിയുമായി വിഎസ് നടക്കും.

രണ്ട് കഥകള്‍ വിഎസിന് 204 നമ്പർ മുറിയോടുള്ള ഇഷ്ടം കൃത്യമായി പറഞ്ഞുതരും. അതില്‍ ഒന്ന് ഇങ്ങനെയാണ്… ഒരു ദിവസം തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവായ വിഎസും ഡൽഹിയിലെത്തി. ആദ്യമെത്തിയ വിഎസ് പതിവ് പോലെ ഇഷ്ടമുറിയായ 204 ല്‍ താമസമാരംഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്ക് വിഐപി മുറിയായ 204 എങ്ങനെ നല്‍കണമെന്ന ധർമ്മസങ്കടത്തിലായി കേരള ഹൗസ് അധികൃതര്‍. എന്നാല്‍ വിഎസിന്റെ ഇഷ്ടമറിയാവുന്ന ഉമ്മൻചാണ്ടി 104 നമ്പർ മുറിയില്‍ താമസിക്കാമെന്ന സമ്മതിച്ചതോടെയാണ് അധികൃതർക്ക് ആശ്വാസമായത്.

ഒരിക്കല്‍ ഈ മുറിയെ ചൊല്ലി വിഎസിന് കലഹിക്കേണ്ടി വന്നതാണ് മറ്റൊരു കഥ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ കാലത്ത് ഡൽഹിയിലെത്തിയ വിഎസിന് ഒരുതവണ 204 നമ്പർ മുറി അനുവദിക്കപ്പെട്ടില്ല. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും മന്ത്രിയായ സി രവീന്ദ്രനാഥിനാണ് കേരള ഹൗസ് അധികൃതർ മുറി നല്‍കിയത്. അതൃപ്തനായ വിഎസ് കടുപ്പിച്ചു. ഒതുക്കപ്പെടുന്നുവെന്ന വാർത്തകള്‍ ഉണ്ടായിരുന്ന ആ സമയത്ത് മുറി അനുവദിക്കാത്തതും ച‍ർച്ചയായി. രവീന്ദ്രനാഥ് മുറിയൊഴിഞ്ഞ ശേഷം 204 തന്നെ വിഎസിന് നല്‍കിയ അധികൃതർ ഒടുവില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

വിഎസ് പിണറായി ഉരസലുകള്‍ ശക്തമായിരുന്ന കാലത്ത് വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതും കേരള ഹൗസിലായിരുന്നു. വിഎസിനോടുള്ള ഇഷ്ട്രം മുദ്രാവാക്യങ്ങളായി പലപ്പോഴും കേരളഹൗസിന്റെ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിലെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തിയായി കേരള ഹൗസ് വിടുമ്പോള്‍ പലരും നല്‍കിയ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ വിഎസിനൊപ്പമുണ്ടാകും. ആവശ്യങ്ങളെല്ലാം കടലാസ്സില്‍ കുറിപ്പായി തെറുത്ത് കയറ്റിയ ജുബ്ബയുടെ മടക്കില്‍ വെച്ച ശേഷമേ അദ്ദേഹം 204 വിട്ടിരുന്നുള്ളൂ.

‘കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടം സൃഷ്ടിച്ച വിയോഗം’, വൈകാരിക കുറിപ്പുമായി മുഖ്യമന്ത്രി; ‘ഒരു കാലഘട്ടത്തിന്‍റെ അസ്തമയം’

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു

മുഖ്യമന്ത്രിയുടെ വാക്കുകൾ

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സി പി ഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.

ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്. അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി – കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്.

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചുപോയത്. കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും സ. വി എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.

ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വി എസ് വളരെ വേഗമുയർന്നു. പാർട്ടി വി എസിനെയും വി എസ് പാർട്ടിയെയും വളർത്തി. 1940 ൽ, 17 വയസ്സുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.

‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ ആയി വളർന്നതിലും വി എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി എസ്സിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളിൽ കയറിയിറങ്ങി, അവരിൽ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാൻ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങൾ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

1948 ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായി. 1952 ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങൾക്കു നേതൃത്വം നൽകി വി എസ്.

വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ തടവുജീവിതം അനുഭവിച്ചു. 1964 മുതൽ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗമാണ്. 1985 ൽ പോളിറ്റ്ബ്യൂറോ അംഗമായി. 1980 മുതൽ 92 വരെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായും, 1996 മുതൽ 2000 വരെ എൽ ഡി എഫ് കൺവീനറായും പ്രവർത്തിച്ചു. 2015 ൽ കൊൽക്കത്തയിൽ നടന്ന 21-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പ്രായാധിക്യത്തെ തുടർന്ന് ഒഴിവായി. പിന്നീട് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി. 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി. 2011 മുതൽ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ തുടർന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകൾ ചാർത്തിയ നേതാവാണ് അദ്ദേഹം.

കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി എസ്, തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആ ദാർഢ്യത്തോടെ മുന്നോട്ടുനയിച്ചു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരെയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി എസ് ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്കു സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വലിയ പങ്കാണു വി എസ് വഹിച്ചത്.

നിയമസഭാ സമാജികൻ എന്ന നിലയിലും അനന്യമായ സംഭാവനകളാണ് സ. വി എസ് നൽകിയത്. 1967, 70 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും, 1991 ൽ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതൽ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്ന് എം എൽ എയായി. 2016 മുതൽ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, പാർട്ടിയും മുന്നണിയും ആവിഷ്‌ക്കരിച്ച നയങ്ങൾ നടപ്പാക്കിക്കൊണ്ട് കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിസന്ധികളിൽ ഉലയാതെ സർക്കാരിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിച്ചു. നിയമനിർമ്മാണ കാര്യങ്ങളിലും തന്റേതായ സംഭാവനകൾ നൽകി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി എസ്. സഖാവ് വി എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘തോല്‍വിയിലും ജയിക്കുന്ന, എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍’: വിഎസിനെ അനുസ്മരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശൻ അനുസ്മരിച്ചു.

വിഎസിനെ അനുസ്മരിച്ച് വി ഡി സതീശന്‍റെ കുറിപ്പ്

“പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വിഎസ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വിഎസ് ഭാഗഭാക്കായി.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വിഎസ്. 2006 മുതല്‍ 11 വരെ അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്നങ്ങളിലും അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വിഎസും നിന്നെന്നാണ് ഞാന്‍ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി.എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി. ഒരു നിയമസഭാംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാന്‍ നന്ദി പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.

ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല. വി.എസിന് ആദരാഞ്ജലികള്‍”

വി.എസിന്റെ പൊതു ദർശനം ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് ദര്‍ബാര്‍ ഹാളിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്‌കരിക്കും; ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.

ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളായ അദ്ദേഹം 11 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്. 1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതൽ 2020 വരെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.