22.9 C
Kollam
Wednesday 24th December, 2025 | 02:58:17 AM
Home Blog Page 57

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹര്‍ജിയിലെ സര്‍ക്കാര്‍ വാദം.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യമനുവദിച്ചിരുന്നത്. 15ാം തീയതി രാഹുലിന്റെ കേസില്‍ കോടതി വിശദ വാദം കേള്‍ക്കാനിരിക്കയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കൂട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷയിലെ വാദം നാളെ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷയിലെ വാദം നാളെ. പൾസർ സുനി മുതലുള്ള ആറു പ്രതികളുടെ ശിക്ഷയിലാണ് നാളെ വാദം നടക്കുക. ആറു പേരും കുറ്റക്കാരാണെന്നും ഗൂഢാലോചന കൂട്ടബലാത്സംഗം അടക്കം 12 വകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കും എന്നും വിചാരണ കോടതി കണ്ടെത്തിയിരുന്നു .വിധി പകർപ്പ് ലഭിച്ച ശേഷമാകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുക . നാടും സർക്കാറും അതിജീവിതയ്ക്കൊപ്പം എന്ന മുഖ്യമന്ത്രി പ്രതികരിച്ചു.


നടിയെ ആക്രമിച്ച കേസിൽ നാളെ എറണാകുളം സെക്ഷൻ കോടതി ശിക്ഷയിലെ വാദം കേൾക്കും . കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒന്നു മുതൽ 6 വരെയുള്ള പ്രതികളുടെ ശിക്ഷയും  ഹണി എം. വർഗീസിന്റെ ബെഞ്ച് നാളെ വിധിച്ചേക്കാം. വിധി പകർപ്പ് ലഭിച്ചശേഷം ആകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുക. അതേസമയം വിധിച്ചു പിന്നാലെ മലയാള സിനിമ മേഖലയിൽ ഉടലെടുത്ത ഭിന്നത കടുക്കുകയാണ്. കുറ്റക്കാരെ കോടതി ശിക്ഷിച്ചിട്ടുണ്ട് എന്ന്  കുക്കു പരമേശ്വരൻ പറഞ്ഞു


ദിലീപ് സിനിമ സംഘടനകൾക്ക് വരുന്ന കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സത്യൻ അന്തിക്കാട്.


കേസിൽ യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതിജീവിതയ്ക്ക് ഒപ്പം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും. അപ്പീൽ ഹൈക്കോടതിയിൽ എത്തുന്നതോടെ  നടി ആക്രമിച്ച കേസ് വരും ദിവസങ്ങളിലും ചർച്ചയിൽ നിറയും.

ആറ്റിങ്ങലിൽ വാഹന അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറ്റിങ്ങൽ. നാവായിക്കുളം ചിറ്റായിക്കോട് സ്വദേശി ഗോകുൽ  (19)ആണ് മരിച്ചത്

കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

ഒപ്പം സഞ്ചരിച്ച നാവായിക്കുളം സ്വദേശി അതുലിനെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക്‌ സമീപത്തായിരുന്നു അപകടം

ആറ്റിങ്ങൽ പോളിടെക്നിക് സ്കൂളിലെ ഒന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾ ആണ്
.

കെ.വി ജോസഫ് റമ്പാൻ അന്തരിച്ചു

കോട്ടയം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികൻ വന്ദ്യ കെ വി ജോസഫ് റമ്പാൻ കർത്താവിൽ നിദ്ര പ്രാപിച്ചു. 90 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും അന്നാമ്മയുടെയും മകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം, എം.ഒ.സി കോളജ് ഗവേർണിംഗ് ബോർഡ് അംഗം, പരുമല സെമിനാരി കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ദേവലോകം അരമന മാനേജർ, പഴയ സെമിനാരി അസിസ്റ്റന്റ് മാനേജർ, പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറി, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി, കോട്ടയം മാർ ഏലിയ കത്തീഡ്രൽ വികാരി, എം.ഡി സെമിനാരി മാനേജർ, പഴയ സെമിനാരി മാനേജർ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ തുടങ്ങി മലങ്കരസഭയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു. കൂടാതെ കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും വന്ദ്യ റമ്പാച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗ കേസില്‍ ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.
വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. രണ്ട് കേസുകളിലും നിലവില്‍ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.

വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് കുന്നത്തൂര്‍ മേട് സയിന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് വൈകിട്ട് 4.45-ലോടെ രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ബൂത്തിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡുമായി അണിനിരന്നിരുന്നു.

രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. രണ്ട് കേസുകളിലും നിലവില്‍ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം

അരുണാചൽ പ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യ-ചൈന അതിർത്തിയിലുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടമുണ്ടായത്. 21 തൊഴിലാളികളുമായി പോയ ട്രക്ക് ആണ് കൊക്കയിലേക്ക് മറിഞ്ഞത്.

കുറഞ്ഞത് 17 തൊഴിലാളികൾ മരിച്ചതായി അഞ്ജാവ് ഡെപ്യൂട്ടി കമീഷണർ മില്ലോ കോജിൻ പറഞ്ഞു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ആസ്ഥാന നഗരത്തിലെത്തി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.

ഏകദേശം 10,000 അടിയിലധികം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 13 പേരുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസാമിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ചഗ്ലഗാം അതിർത്തി.

ദിലീപും മോഹന്‍ലാലും…. ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.
ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
ദിലീപ്- മോഹന്‍ലാല്‍ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാമ്പിള്‍ ആണ് ട്രെയ്ലറിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ‘വേള്‍ഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോള്‍ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നു. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരുക്കിയ ഈ ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.
സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.