Home Blog Page 2871

റോഡില്‍ ഗ്യാങ് സ്റ്റാര്‍ ആകാന്‍ ശ്രമിക്കുന്നു; ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‌ന

തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്‌ന ആര്‍ റോയ്. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്‌തെന്നും റോഷ്‌ന പറയുന്നു.

ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കാറില്‍ ഡ്രൈവ് ചെയ്ത് സഹോദരന്‍ ജോസഫിനൊപ്പം എറണാകുളത്തേക്ക് വരികയായിരുന്നു. കുന്നംകുളത്തിനടുത്തെത്തിയപ്പോഴാണ് ഒരു കെ.എസ്.ആര്‍.ടി.സി. ബസ് പിന്നാലെ വന്ന് തുടരെ ഹോണ്‍ അടിക്കാന്‍ ആരംഭിച്ചത്. റോഡില്‍ നിയന്ത്രണങ്ങളുണ്ടായതിനാല്‍ കാര്‍ ഒതുക്കി ബസിനെ കടത്തിവിടാനുള്ള സാഹചര്യം ഉണ്ടായില്ല. തുടരെ ഹോണ്‍ അടിക്കുകയും അപകടകരമാം വിധം മറികടക്കാനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ശ്രമിച്ചു. ബസ് കാറില്‍ തട്ടുമോ എന്ന ഭയവുമുണ്ടായിരുന്നു. കാര്‍ ഒതുക്കാനുള്ള കുറച്ച് സ്ഥലം കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. കാറിനെ തൊട്ടു, തൊട്ടില്ല എന്ന രീതിയില്‍ ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പോലും കാറിന് തട്ടിയോ എന്ന് തലവെളിയിലേക്കിട്ട് നോക്കി.

യാത്ര തുടര്‍ന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ബസ് വീണ്ടും മുന്നില്‍ തന്നെ എത്തി. ഒന്നുരണ്ടുവട്ടം അയാള്‍ ചെയ്തതുപോലെ പിറകില്‍നിന്ന് ഹോണ്‍ മുഴക്കി. പെട്ടെന്ന് നടുറോഡില്‍ ബസ് നിര്‍ത്തിവച്ച് ഡ്രൈവര്‍ യദു അരികിലേക്ക് ഇറങ്ങി വന്നു. കാറിനടുത്ത് വന്ന് അശ്ലീലവും ലൈംഗികച്ചുവയും കലര്‍ന്ന ഭാഷയില്‍ അയാള്‍ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു.

അത്രയ്ക്കും ഭീകരമായ ഒരുപ്രതികരണം ഞാനയാളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അതിനാല്‍ മറുത്തൊന്നും പറയാന്‍ സാധിച്ചില്ലെന്നും റോഷ്ന പറയുന്നു. കുറച്ച് നേരം തെറിവിളിച്ച് ഒരുഗ്യാങ് സ്റ്റാര്‍ നായകനെ പോലെ അയാള്‍ വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് പോയി. അപ്പോള്‍ തന്നെ ആ ബസിന്റെ ഫോട്ടോ എടുത്തുവെന്നും ഈ സംഭവം മാനസികമായി വലിയ ആഘാതമുണ്ടാക്കി എന്നും റോഷ്ന പറയുന്നു. അല്‍പ ദൂരം മുന്നോട്ട് ചെന്നപ്പോള്‍ കണ്ട മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിച്ചു. ഞാന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കണ്ട ഡ്രൈവര്‍ വീണ്ടും ബസ് നിര്‍ത്തി അവിടേക്ക് ഇറങ്ങി വന്ന് വെല്ലുവിളി നടത്തി. പരാതി ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് എഴുതികൊടുക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്യാവശ്യമായി എറണാകുളത്ത് എത്തേണ്ടതിനാല്‍ പരാതിപ്പെടുന്നില്ലെന്നും ഡ്രൈവര്‍ യദുവിന് ഒരു താക്കീത് നല്‍കിയാല്‍ മതി എന്നും പറഞ്ഞാണ് അന്ന് ഞാനവിടെ നിന്ന് തിരിച്ചതെന്നായിരുന്നു റോഷ്ന എന്‍ റോയുടെ പ്രതികരണം.

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്.
റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഇന്ന് രാവിലെയാണ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അമേഠിയില്‍ ബിജെപിയുടെ സിറ്റിംഗ് എംപി സ്മൃതി ഇറാനിക്കെതിരെ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഭയം: നരേന്ദ്ര മോദി

വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ ബിജെപിയെ നേരിടാന്‍ ധൈര്യപ്പെടണമെന്നും ഓടുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും മോദി പറഞ്ഞു.
”ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വയനാട്ടില്‍ രാജകുമാരന്‍ തോല്‍ക്കാന്‍ പോകുന്നു. വയനാട്ടില്‍ പോളിങ് പൂര്‍ത്തിയായാലുടന്‍ അദ്ദേഹം മറ്റൊരു സീറ്റ് നോക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ റായ്ബറേലിയിലേക്ക് ഓടിയത്,” മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
നീണ്ട നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുള്ള അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കും.

മഹാഗുരുവിനെ നാം തിരിച്ചറിയണം :എഴുമറ്റൂർ രാജരാജവർമ്മ

പന്മന.ഇരുപതാം നൂറ്റാണ്ടിൽ മാനവികതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാഗുരു ചട്ടമ്പിസ്വാമികളുടെ ദർശനം നാം തിരിച്ചറിയണമെന്ന് പ്രമുഖ സാംസ്കാരിക നിരൂപകൻ ഡോ. എഴുമറ്റൂർ രാജരാജവർമ. ചട്ടമ്പിസ്വാമി സമാധിശതാബ്ദിയുടെ ഭാഗമായി നടന്ന മഹാഗുരുകേരളം വിചാരസഭയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവജ്ഞനായിരുന്ന മഹാഗുരു, ഒരു ലോകം ഒരു ജനത എന്ന സന്ദേശമാണ് നൽകിയെന്നും അതു മനസ്സിലാക്കി കേരളം മുന്നോട്ടുനീങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചട്ടമ്പിസ്വാമികളുടെ ധൈഷണിക ജീവിതം പുതുതലമുറ തിരിച്ചറിയണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. സുജിത് വിജയൻപിള്ള എം. എൽ എ പറഞ്ഞു.വിവിധ വിജ്ഞാനമേഖലകളിൽ കേരളത്തിന്റെ ആദിമാതൃകയായി നിലകൊള്ളുന്ന മഹാഗുരുവിന്റെ പേരിൽ ഒരു സർവകലാശാല ഉണ്ടാകാത്തത് കേരളത്തിന്‌ ലജ്ജാകരമെന്ന് ഡോ. വിളക്കുടി രാജേന്ദ്രൻ പറഞ്ഞു. വ്യാസന്റെയും ശങ്കരാചാര്യരുടെയും ആധുനിക അവതാരമായ ചട്ടമ്പിസ്വാമികൾ കേരള ത്തെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചു എന്ന് ഡോ. പൂജപ്പുര കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.

ഫാ. ഡോ. സി ടി ഈപ്പന്‍ അനുസ്മരണ സമ്മേളനം നടന്നു

ശാസ്താംകോട്ട. വിദ്യാഭ്യാസ വിചക്ഷണനും എക്യുമിനിക്കല്‍ വക്താവുമായിരുന്ന ഫാ. ഡോ. സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനം ബസേലിയോസ് എന്‍ജിനീയറിംങ് കോളജില്‍ നടന്നു. യാക്കൂബ് മാര്‍ ഏലിയാസ് അധ്യക്ഷത വഹിച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി സീനയര്‍ ഫാക്കല്‍റ്റി ഫാ.ഡോ.ജോണ്‍തോമസ് കരിങ്ങാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ തോമസ് വര്‍ഗീസ് ,ഫാ.ഡോ.കെ എം കോശിവൈദ്യന്‍, ഡോ. പത്മസുരേഷ്, ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു

ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി പിടിയിൽ

ന്യൂ ഡെൽഹി :
ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ഡൽഹി പോലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിക്ക് കൗൺസിലിംഗ് നടത്തിയ ശേഷം വിട്ടയക്കും. കഴിഞ്ഞ ദിവസങ്ങളിലും രാജ്യതലസ്ഥാനത്തെ നൂറോളം സ്‌കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വ്യാപക പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയിരുന്നില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞഅഞിരുന്നു. ഡൽഹി, നോയ്ഡ, ഫരീദാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ബോംബ് ഭീഷണി എത്തിയത്.

മരിച്ച നിലയില്‍ കണ്ട കുഞ്ഞ് അതിജീവിത പ്രസവിച്ചത്

കൊച്ചി. മരിച്ച നിലയില്‍ കണ്ട കുഞ്ഞ് ബലാല്‍സംഗം അതിജീവിത പ്രസവിച്ചത്. കുഞ്ഞിലെ കൊലപ്പെടുത്തി മാതാവ് വലിച്ചെറിഞ്ഞു. റോഡ‍ില്‍ കണ്ട മൃതദേഹം എറിഞ്ഞതാണെന്ന മനസിലാക്കി സമീപത്തെ ഫ്ളാറ്റിലെ 5 സിയിലേക്ക് അന്വേഷണം നീളുകയായിരുന്നു.

ഇവിടെ ഒരു പുരുഷനും രണ്ട് സ്ത്രീകളും താമസിക്കുന്നുണ്ടായിരുന്നു. മൃതദേഹം പൊതിഞ്ഞ കൊറിയർ കവർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു. ഫ്ലാറ്റിൽ നിന്നും രക്ത കറ കണ്ടെത്തി

ഫ്ലാറ്റിൽ താമസിക്കുന്നത് ആരെന്നു അസോസിയേഷന് വ്യക്തതയില്ലായിരുന്നു. മാതാപിതാക്കളും മകളും ആയിരുന്നു ഇവര്‍ മൂ. ന്നുപേരെയും കസ്റ്റഡിയിൽ എടുത്തു. പ്രസവം നടന്നത് ശുചിമുറിയിൽ എന്ന് നിഗമനം
കസ്റ്റഡിയിൽ ഉള്ളത് . കഴുത്തിൽ തുണി ചുറ്റി കൊലപെടുത്തിയെന്നും വലിച്ചെറിഞ്ഞുവെന്നും 23 വയസുള്ള അതിജീവിത സമ്മതിച്ചു. മാതാപിതാക്കള്‍ ഇത് അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.

പീഡനവിവരം മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. പ്രസവം നടന്നത് ഇന്ന് രാവിലെ 5 മണിക്ക് ആണ്. പെൺകുട്ടിക്ക് മെഡിക്കൽ സഹായം നൽകും
പെൺകുട്ടി അതിജീവിതഎന്നതിനാല്‍ ഇതു സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നു.

മനസാക്ഷി മരവിക്കുന്ന ക്രൂരത, ഫ്ളാറ്റിലെ ശുചി മുറിയിൽ രക്തക്കറ

കൊച്ചി. നടു റോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. അച്ഛനും അമ്മയും മകളുമാണ് പിടിയില്‍. സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊന്നത് എന്ന് സംശയം. ഈ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ശുചി മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി.

രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ലാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നടുക്കമായി .

ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

ആശാവർക്കർമാരുടെ പട്ടികയിൽ ഫ്ലാറ്റിൽ ഗർഭിണികളില്ല.ഫ്ലാറ്റിലെ ഫൈവ് സി കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്നും രക്തക്കറിയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റസിയിൽ എടുത്തു
24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ .

സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല

2027 ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി ,നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്.
92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ബോർഡിൻ്റെ തീരുമാനം. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. വൻകിട വ്യവസായ ശാലകൾക്കുള്ള രാത്രികാല നിയന്ത്രണം ഉടൻ തുടങ്ങും. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗിനും നിയന്ത്രണമുണ്ടാകും. പീക്ക് സമയമായ വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ പമ്പിംഗ് നടത്തരുതെന്ന് വാട്ടർ അതോറിറ്റിയോട് കെ.എസ്.ഇ.ബി നിർദേശിക്കും. വൈദ്യുതി പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കാൻ ആകുമെന്ന് വൈദ്യുതി ബോർഡിൻ്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിലാണ് ബോർഡിൻ്റെ പ്രതീക്ഷ. 2027 ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നു വെന്നാണ് വിലയിരുത്തൽ.