Home Blog Page 2853

സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്ത് ലമൂര്‍ ബീച്ചിലാണ് അപകടം നടന്നത്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്. എട്ടുപേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറിപ്പിള്ളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്.
ഇന്നലെ ഗണപതിപുരത്തെ ബീച്ചില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബീച്ച് അടച്ചിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ കുന്നുകൂടിയ പോലെ 25 കോടി രൂപയുടെ നോട്ട് കെട്ടുകള്‍

ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപ. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെടുത്തത്. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാടു കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിയുടെ സഹായി സഞ്ജീവ് ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണിത്തിട്ടപ്പെടുത്തയത്.

ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത സര്‍വകലാശാലയ്ക്ക്

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) മാഗസിന്റെ പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത വിശ്വവിദ്യാപീഠത്തിന്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമായ ലിവ്-ഇന്‍-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സര്‍വകലാശാലയെ അര്‍ഹമാക്കിയത്.
വിദ്യാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുകയും അവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലിവ്-ഇന്‍-ലാബ്സ്. ജീവിതത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അമൃത സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പുരസ്‌കാരം നേടുന്ന ഏക സ്ഥാപനമാണ് അമൃത.
യുവജനങ്ങളില്‍ സഹാനുഭൂതി വളര്‍ത്താനും അവരുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കാനുമാണ് ലിവ്-ഇന്‍-ലാബ്സ് പദ്ധതി അമൃത സര്‍വകലാശാല ആവിഷ്‌കരിച്ചതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ ഫ്യൂച്ചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി രമേഷ് പറഞ്ഞു.
2013-ല്‍ ആരംഭിച്ച ലിവ്-ഇന്‍-ലാബ്സ് ഇപ്പോള്‍ 25 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഗുണഭോക്താക്കളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അമൃതയിലെ 30-ലധികം അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളുടെയും 50 ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഗ്രാമീണ സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുന്നത്.

ഉഷ്ണതരംഗം; വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം.  മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട് എന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. അനില്‍ കുമാര്‍ അറിയിച്ചു.

വീട് കുത്തിതുറന്ന് 20 പവൻ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

മലപ്പുറം തിരൂർ പറവണ്ണയിൽ വീട് കുത്തി തുറന്ന് 20 പവൻ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശി അബ്ദുൽ അസീസ് ,കണ്ണൂർ അഴീക്കോട് സ്വദേശി രനീഷ് ആണ് അറസ്റ്റിലായത് .കഴിഞ്ഞ നവംബറിൽ ആണ് തിരൂർ വെട്ടത്തെ ഒരു വീട് കുത്തി തുറന്ന് സ്വർണം കവർന്നത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് മോഷണത്തിൽ പങ്കുള്ള കൂടുതൽ പേരെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഐലക്കാട് സ്വദേശി പുവക്കാട് ഹരിദാസിന്റെ ഭാര്യ 35 വയസുള്ള റിഷയുടെ മൃതദേഹം ആണ് കണ്ടെത്തിയത് . ഇന്നലെ ഉറങ്ങി കിടന്ന റിഷയെ പുലർച്ചെകാണാതെ വന്നതോടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു.
ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

നഴ്സുമാർക്ക് നിർബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി

ന്യൂ ഡെൽഹി :
നഴ്സുമാര്‍ക്ക് നിര്‍ബന്ധിത പരിശീലന വേണ്ടെന്ന് സുപ്രീംകോടതി.
നഴ്സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണമെന്ന വാദം സുപ്രീംകോടതി തള്ളി.
നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നാലുവര്‍ഷത്തെ കോഴ്സ്സിനിടയിൽ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹരജി ആണ് സുപ്രിം കോടതി തള്ളിയത്.

വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ റെയ്ഡ്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പൊലീസ് പറയുന്നത്.

സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( സിഐഎസ് സിഇ) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്.

ഐഎസ് സി ( ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു. സിഐഎസ്സിഇ വെബ്സൈറ്റായ cisce.org, results.cisce.orgല്‍ ഫലം അറിയാം. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.
പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. ഇന്‍ഡക്‌സ് നമ്പര്‍, യൂണിക് ഐഡി, ക്യാപ്ച എന്നിവ നല്‍കി ഫലം അറിയാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമായിരുന്നു വിജയം.

മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കെസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം. പരാതി കോടതി പോലീസിന് കൈമാറി. കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്.