കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി. അസം സ്വദേശി ലേമാൻ കിസ്ക് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ എന്നയാളെ അറസ്റ്റ് ചെയ്തു. ലേമാന്‍ കിസ്ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഏപ്രിൽ 26ന് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും വാകത്താനം പൊലീസ് പറഞ്ഞു.
കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്
കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്.
ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക സമ്മതിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ പ്രസ്താവന.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ഫലപ്രാപ്തി പരീക്ഷണങ്ങള്‍ നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനായിരുന്നു.
പഠനങ്ങളും തുടര്‍നടപടികളും കൊവാക്‌സിനുള്ള അതിന്റെ ‘മികച്ച സുരക്ഷാ റെക്കോര്‍ഡ്’ തെളിയിച്ചിട്ടുണ്ടെന്നും രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെ വാക്‌സിനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി പറഞ്ഞു.
ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി
പത്തനാപുരം: സ്വകാര്യ സഹകരണ ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി. പിറവന്തൂര്‍ വെട്ടിത്തിട്ട കിഴക്കേതില്‍ നിഖില്‍ എബ്രഹാമാ(25)ണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.
ടീ ഷര്‍ട്ടിന്റെ ഉള്ളില്‍ പ്രത്യേകം അറയായി ആണ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതിയെ വിശദമായ അന്വേഷണത്തിനായി പത്തനാപുരം പോലീസിന് കൈമാറി.
പത്തനാപുരത്ത് കിണര്‍ ശുചീകരണത്തിന് ഇറങ്ങിയതൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു
പത്തനാപുരം: കിണര്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു. ആവണീശ്വരം കാവല്‍പ്പുര പ്രമീള വിലാസത്തില്‍ പ്രഹ്‌ളാദ(61)നാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് കുന്നിക്കോട് ഗ്യാസ് എജന്‍സിയുടെ ഉടമസ്ഥതയിലുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങവെയാണ് പ്രഹ്‌ളാദന്‍ കിണറില്‍ കുഴഞ്ഞ് വീണത്.
ഇയാളോടൊപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണനും ഗോപാലനും ഉടന്‍ തന്നെ കുന്നിക്കോട് പോലീസിലും ഫയര്‍ഫോഴ്‌സ് യൂണിറ്റിലും വിവരം അറിയിച്ചു. ഫയര്‍ റെസ്‌ക്യു സംഘം എത്തി പ്രഹ്‌ളാദനെ പുറത്ത് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മേല്‍നടപടി സ്വീകരിച്ച മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രമീളയാണ് ഭാര്യ. മക്കള്‍: പ്രവീണ്‍, ദീപ.
കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തിൽ മേടത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മേടത്തിരുവാതിര മഹോത്സവത്തിന് തൃക്കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ഗിരീഷ് എം.വി, കീഴ്ശാന്തി സഞ്ജയന്‍ നമ്പൂതിരി, ക്ഷേത്രം ഊരാണ്‍മ്മക്കാരായ ഊമമ്പള്ളി മന ലീല യൂഎന്‍എസ്, അകവൂര്‍ മന കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ചലച്ചിത്ര നിര്‍മാതാവ് വിനായക എസ്. അജിത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാര്‍ അധ്യക്ഷനായി.
വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ജോസഫ് ഷാജി നിര്‍വഹിക്കും. എല്ലാ ദിവസവും പ്രഭാഷണം, ആറിന് രാത്രി മ്യൂസിക് നൈറ്റ്, ഏഴിന് രാത്രി ഭൂതബലി എഴുന്നെള്ളത്തും വിളക്കും കര പറച്ചിലും, 10ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനവും പുരസ്‌കാരം വിതരണവും തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിര്‍വഹിക്കും.
കഥകളി യുവ പുരസ്‌കാര വിതരണം വിനായക എസ് അജിത്കുമാര്‍, എന്‍വി നമ്പ്യാതിരി പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍, പെരുന്തച്ചന്‍ പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. അജികുമാര്‍ എന്നിവര്‍ നിര്‍വഹിക്കും. രാത്രി മേജര്‍ സെറ്റ് കഥകളി.
11ന് വൈകിട്ട് മൂന്നിന് നാദസ്വര കച്ചേരി, ഗണപതി വിളക്ക്, രാത്രി പള്ളിവേട്ട എഴുന്നെള്ളത്ത്. 12ന് രാവിലെ 8.30ന് തിരു ആറാട്ടും തൃക്കൊടിയിറക്കും. വൈകിട്ട് മൂന്നിന് കെട്ടുകാഴ്ച, രാത്രി 9.30ന് നൃത്തരാവ്.
നടുക്കം, ആസാം സ്വദേശിയെ സിമൻ്റ് മിക്സിംങ് മെഷീനിലിട്ട് കൊലപ്പെടുത്തി മറവു ചെയ്തു
കോട്ടയം. വാകത്താനത്ത് സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തി മറവു ചെയ്തു. . കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്.
തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈയാണ് കോടതി റിമാൻഡ് ചെയ്തത്.
കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകത്തിന്റെ കാരണം അടക്കം പ്രതി തുറന്നു പറഞ്ഞിരുന്നില്ല.
ഇതിനടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.
കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി
കൊട്ടാരക്കര. കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പറക്കോട് സ്വദേശി മണികണ്ഠനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അങ്ങാടിക്കൽ സ്കൂളിലെ ഹയർ സെക്കന്ററി അദ്ധ്യാപകനാണ് മണികണ്ഠൻ. ഉച്ചയ്ക്ക് 2:30 മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കാറിന്റ മുൻവശത്തെ സീറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.



































