Home Blog Page 2747

കാരാളിമുക്കിലെ സാമൂഹ്യവിരുദ്ധശല്യംഅവസാനിപ്പിക്കണം, വ്യാപാരി വ്യവസായി ഏകോപന സമിതി

കാരാളിമുക്ക് .       കഴിഞ്ഞ കുറെ കാലങ്ങളായി പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ജംഗഷനിൽ മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും പതിവായിരിക്കുന്നു. ചോദ്യം ചെയ്യുന്നവർക്കെതിരെ അസഭ്യവർഷവും ഭീഷണിയും. കഴിഞ്ഞ ദിവസം വൈകിട്ട് തന്റെ സ്ഥാപനത്തിനു മുന്നിലെ ‘പ്രകടനത്തെ’ ചോദ്യം ചെയ്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കാരാളിമക്ക് യൂണിറ്റ് പ്രസിഡന്റ് പി.എൻ .ഉണ്ണികൃഷ്ണൻ നായരെ കടയിൽ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും  അക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തതിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണിക്കാവ് മേഖലാ കമ്മറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവർ വേണ്ട നടപടികൾ സ്വീകരിച്ച് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും സ്വൈരമായി ജീവിക്കാൻ അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ.നിസാം, ട്രഷറർ ജീ.കെ.രേണുകുമാർ , വൈസ് പ്രസിഡന്റ് നിസാം മൂലത്തറ, ക്ലമന്റ് ആഞ്ഞിലിമൂട് ,ബഷീർ ഒല്ലായിൽ ,മണിയൻപിള്ള , ഷിഹാബ് പതാരം, രവീന്ദ്രൻ പിള്ള പാറക്കടവ്, എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് പ്രതിഷേധ സംഗമം നടന്നു


കരുനാഗപ്പള്ളി .  പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തോടനുബന്ധിച്ച് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി.

എൽഡിഎഫ് മണ്ഡലം പ്രസിഡൻ്റ് എം എസ് താര അധ്യക്ഷയായി.സെക്രട്ടറി പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. മുല്ലക്കര രത്നാകരൻ, എസ് സുദേവൻ, സൂസൻ കോടി,  സി രാധാമണി, പി ആർ വസന്തൻ, ജഗത് ജീവൻലാലി, പി ബി സത്യദേവൻ, പി കെ ജയപ്രകാശ്, ബി ഗോപൻ, ഐ ഷിഹാബ്, എസ് കൃഷ്ണകുമാർ,അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലില്‍, ഷിഹാബ് എസ് പൈനുംമൂട്, ഫിലിപ്പോസ്, ആദിനാട് ഷിഹാബ്, സൈനുദ്ദീൻ, ജബ്ബാർ, സക്കീർ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  വസന്താരമേശ്, ഗേളീ ഷൺമുഖൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുമാരി,  തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം മേൽമുറിയിൽ നാലും ആറും വയസ്സുള്ള പെൺകുട്ടികൾ മുങ്ങിമരിച്ചു

മലപ്പുറം :മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. നാലും ആറും വയസുള്ള പെൺകുട്ടികളാണ് മുങ്ങി മരിച്ചത്.
മേൽമുറി പൊടിയാട് ക്വാറിയിലാണ് അപകടമുണ്ടായത്. വിരുന്നു വന്ന സഹോദരിമാരുടെ മക്കളാണ് മരിച്ചത്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാളെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ: ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

കൊല്ലം: ജില്ലയില്‍ നാളെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണ താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ) ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഹജ്ജ് തീർഥാടനം : ഇന്ത്യയിൽനിന്നുള്ള ആദ്യസംഘമെത്തി

ജിദ്ദ : ഈ വർഷത്തെ ഹജ്ജിനായി തീർഥാടകർ സൗദി അറേബ്യയിലെത്തിത്തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദി സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മദീനയിലെത്തി. ഹൈദരാബാദിൽ നിന്നുള്ള 283 തീർഥാടകരാണ് സംഘത്തിലുള്ളത്. ഇവർക്ക് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിർ, ഇന്ത്യൻ സ്ഥാനപതി സുഹൈൽ അജാസ് ഖാൻ തുടങ്ങിയവരും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. ജൂൺ മൂന്നാം വാരത്തിലാണ് ഹജ്ജ് കർമം.

എഴുതി വെച്ചോളൂ, നരേന്ദ്രമോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകില്ല: രാഹുൽ ഗാന്ധി

ഉത്തര പ്രദേശ്:
2024 പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം ഉത്തർപ്രദേശിൽ വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ യുപിയിലെ കനൗജിൽ സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത റാലിയിലാണ് രാഹുലിന്റെ പ്രതികരണം.

നിങ്ങൾ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകില്ല. യുപിയിൽ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനങ്ങൾ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ പ്രസംഗത്തിൽ ഒരിടത്ത് പോലും പ്രധാനമന്ത്രി മോദി അദാനിയെ കുറിച്ചോ അംബാനിയെ കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ഭയപ്പെടുന്ന ഒരാൾ അവനെ രക്ഷിക്കാൻ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. അതേപോലെയാണ് മോദി തന്നെ രക്ഷിക്കാൻ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുന്നത്. ഏത് ട്രക്കിൽ എന്ത് പണം അദാനി കൊണ്ടുവന്നുവെന്ന് മോദിക്ക് അറിയാം. വ്യക്തിപരമായ അനുഭവം അദ്ദേഹത്തിനുണ്ടെന്നും രാഹുൽ തുറന്നടിച്ചു.

ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് തിരിച്ചടി. ആറു വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. വനിതാ താരങ്ങള്‍ നല്‍കിയ ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. നേരത്തെ ഏപ്രില്‍ 18ന് കേസില്‍ കോടതി വിധി പറയാനിരുന്നതാണ്. എന്നാല്‍, ഗുസ്തി ഫെഡറേഷന്‍ ഓഫിസില്‍ തന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബ്രിജ് ഭൂഷണ്‍ കോടതിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് വിധി പ്രഖ്യാപനം നീണ്ടു പോയത്. പിന്നാലെ ഏപ്രില്‍ 26ന് അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്.

സന്തോഷ വാർത്ത !!! എസ്ബി ഐ യിൽ       12,000 ജീവനക്കാരെ നിയമിക്കുന്നു

  

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12,000 ത്തോളം ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു.

ഈ ജീവനക്കാർക്ക് ഐ ടി ഉള്‍പെടെ വിവിധ വിഭാഗങ്ങളില്‍ പരിശീലനവും നല്‍കും. ബാങ്ക് ചെയർമാൻ ദിനേശ് ഖരയാണ് ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ നല്‍കിയത്. പുതുതായി നിയമിതരായ ജീവനക്കാർക്ക് ബാങ്കിംഗില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോലി.

ഇവരില്‍ ചിലരെ പിന്നീട് ഐടിയിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2023 സാമ്പത്തിക വർഷത്തില്‍ 2,35,858 ആയിരുന്നു എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം. എന്നാല്‍ 2024 സാമ്പത്തിക വർഷത്തില്‍ ഇത് 2,35,858 ആയി കുറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ബാങ്ക് പ്രത്യേകം പരിഗണിക്കുന്നുണ്ടെന്ന് ബാങ്ക് ചെയർമാൻ പറഞ്ഞു.

2024 മാർച്ച്‌ 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 24 ശതമാനം വർധിച്ച്‌ 20,698 കോടി രൂപയിലെത്തി. മുൻവർഷം ഇത് 16,695 കോടി രൂപയായിരുന്നു. 2024 മാർച്ച്‌ 31 ന് അവസാനിച്ച പാദത്തിലെ അറ്റ പലിശ വരുമാനം മുൻവർഷത്തെ 40,393 കോടി രൂപയില്‍ നിന്ന് 41,655 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം 1.06 ലക്ഷം കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നാലാം പാദത്തില്‍ 1.28 ലക്ഷം കോടി രൂപയായി ഉയർന്നു.

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ; കെപിസിസിക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ഭീഷണിയായ വീഡിയോ പ്രചരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി പണം കൊണ്ടുപോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജവീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്ന് അന്നെ തെളിഞ്ഞതാണ്

അതിന് മാപ്പ് പറയേണ്ടുന്നതിന് പകരം വ്യാജവീഡിയോ വീണ്ടും പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് എന്നും സുരേന്ദ്രൻ ആരോപിച്ചു. വ്യോമസേനയുടെ സുരക്ഷാ ഹെലികോപ്റ്ററുകൾ പണം കടത്താൻ ഉപയോഗിക്കുമെന്ന് പറഞ്ഞതിലൂടെ രാജ്യത്തിന്റെ സൈന്യത്തെയാണ് കോൺഗ്രസ് അപമാനിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു

സംസ്ഥനത്ത് നാല് വർഷ ബിരുദ കോഴ്‌സ് ഈ വർഷം മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആണ്. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. ഓണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതി. നിലവിലെ മൂന്ന് വർഷത്തോട് ഒരു വർഷം കൂടി കൂട്ടിച്ചേർക്കുകയല്ല പുതിയ ബിരുദ കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്

അടിസ്ഥാനപരമായ മാറ്റങ്ങളടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലധികം വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് അതനുസരിച്ച് വിഷയഹ്ങൾ തെരഞ്ഞെടുക്കാം.