Home Blog Page 2735

ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ക്രൂരമര്‍ദനം; ദമ്പതികള്‍ക്കും തടയാനെത്തിയ ആള്‍ക്കും മര്‍ദനമേറ്റു

അഞ്ചല്‍: ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ദമ്പതികള്‍ക്കും തടയാനെത്തിയ ആള്‍ക്കും ക്രൂരമര്‍ദനമേറ്റു. കഴിഞ്ഞ ഞായറാഴ്ച അഞ്ചലിന് സമീപം ഇടമുളയ്ക്കലില്‍ തുമ്പിക്കുന്നിലാണ് സംഭവം. വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തില്‍ വെള്ളവുമായി എത്തിയ ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. വെള്ളവുമായി എത്തിയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ബൈക്കില്‍ എത്തിയ തുമ്പിക്കുന്ന് സ്വദേശികളായ ഷാനവാസും റിയാസും ബൈക്കിന് പോകാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തര്‍ക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനം തടയാനെത്തിയ പനച്ചിവിള സ്വദേശി അനി എന്നയാള്‍ക്കും മര്‍ദനമേറ്റു. നിര്‍മാണ സ്ഥലത്തേക്ക് ചോറുമായെത്തിയതായിരുന്നു അനി. ഷാനവാസും റിയാസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ദമ്പതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആഷിക്ക് ഹുസൈന്റെ പരാതിയില്‍ അഞ്ചല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിൽ വീട് വാടകയ്ക്കെടുത്ത് സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം: രണ്ടുപേര്‍ അറസ്റ്റില്‍

പെണ്‍വാണിഭം; രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപത്തായി വീട് വാടകക്കെടുത്ത് സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഏജന്റുമാരായി പ്രവര്‍ത്തിച്ചുവന്ന മേലില ചേത്തടി മംഗലത്ത് പുത്തന്‍വീട്ടില്‍ വിനീത് (40), മേലില വില്ലൂര്‍ രാഹുല്‍ സദനത്തില്‍ അനന്തകൃഷ്ണന്‍ (28) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
അനാശാസ്യ പ്രവര്‍ത്തനത്തിനായി എത്തിയ വിതുര സ്വദേശിയായ ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്. മൊബൈലില്‍ സുന്ദരികളായ യുവതികളുടെ ചിത്രം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവര്‍ വിതുരയില്‍ നിന്ന് കൊട്ടാരക്കരയിലെ വാടക വീട്ടില്‍ എത്തിയത്. ഫോട്ടോയില്‍ കണ്ട സ്ത്രീകളല്ല അവിടെ ഉണ്ടായിരുന്നത് എന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ലോറി ഡ്രൈവറെ അനന്തകൃഷ്ണനും വിനീതും കൂടി മര്‍ദ്ദിച്ചശേഷം കയ്യില്‍ ഉണ്ടായിരുന്ന പൈസ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ലോറി ഡ്രൈവര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിശോധനയില്‍ ആ വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടി. ഒന്നര മാസമായി ഇവര്‍ വാടകയ്ക്ക് വീട് എടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം ഇന്നലെ അവസാനിപ്പിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തൊഴിലാളികള്‍ മുന്നോട്ടുവച്ച അവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്.
സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മേഖല ചെയര്‍മാന്‍ ഉറപ്പുനല്‍കി. പത്തനംതിട്ട, കൊല്ലം മേഖലകളിലെ സമരവും പിന്‍വലിച്ചു.

കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി.മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുമ്പളങ്ങി സ്വദേശിനി ആര്യാ ശിവജി (20) ആണ് മരിച്ചത്.രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായിരുന്നു

ഫ്യൂസ് കെട്ടാനെത്തി അന്ധയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു,പ്രതി പിടിയില്‍

കൊച്ചി. പ്രായപൂർത്തിയാകാത്ത അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മുളന്തുരുത്തി സ്വദേശി ജയകുമാർ (54) ആണ് പിടിയിലായത്. ഇന്നലെ പെൺകുട്ടിയുടെ വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ ഫ്യൂസ് കെട്ടാൻ എത്തിയ ജയകുമാർ പെൺകുട്ടിയുടെ സഹോദരനെ പ്രതിയുടെ കണ്ണട എടുക്കാൻ പറഞ്ഞുവിട്ടതിനുശേഷം പീഡിപ്പിക്കുകയായിരുന്നു

മകന്‍പിതാവിനെ അടിച്ചുകൊന്നു

തിരുവനന്തപുരം.മകൻറെ ക്രൂരമർദ്ദനം; പിതാവ് മരിച്ചു. മലയിൻകീഴ് ആണ് സംഭവം. മരിച്ചത് പൊറ്റയിൽ സ്വദേശി രാജേന്ദ്രൻ (64). മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് മകൻ രാജേഷ് പിതാവിനെ മർദ്ദിച്ചത്. സംഭവം ഇക്കഴിഞ്ഞ നാലാം തീയതി

തടികൊണ്ട് രാജേന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

യുവതിയും യുവാവും ട്രയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം. യുവതിയും യുവാവും ട്രയിന്‍തട്ടി മരിച്ച നിലയില്‍. കിളികൊല്ലൂർ പാൽകുളങര തെങയ്യം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രയിൻ തട്ടിയാണ് മരണം.22 വയസ് പ്രായം തോന്നിക്കുന്ന യുവതിയേയും യുവാവിനേയും തിരിച്ചറിഞ്ഞിട്ടില്ല.

ഗുണ്ടകളുടെ സ്വന്തം നാടായി സംസ്ഥാനം, പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം

തിരുവനന്തപുരം . ക്രിമിനലുകളെ നിരീക്ഷിക്കുന്നതിനുള്ള ക്രൈം മാപ്പിംഗും, കാപ്പ ഉപയോഗിച്ച് കൊടുംക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ രാഷ്ട്രീയ ഇടപെടലും പതിവായതോടെ കേരളം ഗുണ്ടകളുടെ ഇഷ്ടനാടായി വളരുന്നു.

പൊലീസിന്‍റെ നിഷ്ക്രിയ നിലപാടിനൊപ്പം സാദാലഹരിയും രാസലഹരിയും വ്യാപകമാകുന്നതോടെ സംസ്ഥാനം സുരക്ഷിതമല്ലാത്ത നാടുകൂടിയാകുന്നു. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും അനിയന്ത്രിതമാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും ഏഴ് വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല. സേനയിലെ അംഗബലത്തിൻറെ കുറവും, മറ്റ് ഡ്യൂട്ടികളുടെ തിരക്കുമാണ് ക്രിമിനലുകളെ സംബന്ധിക്കുന്ന വിവരശേഖരണത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
കരമനയിൽ പട്ടാപ്പകൽ ഗുണ്ടകൾ അഖിലെന്ന 22കാരനെ തല്ലി കൊന്നതാണ് ഏറ്റവും ഒടുവിലത്തെ പൈശാചികത. കൊലയ്ക്ക് പിന്നിലെ മൂന്ന് പ്രതികളും മുമ്പും സമാനമായി കൊല നടത്തി ജാമ്യത്തിനിറങ്ങിയവർ. ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് കാഴ്ചക്കാരായി.

ബസ് സ്റ്റാൻഡിലിരുന്ന മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ച് ആലുവ ചൊവ്വരയിൽ. അച്ഛനും മകനും തമ്മിലുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ തല്ലിക്കൊന്നത് തൃശ്ശൂർ ചേർപ്പിൽ.

റോഡിൽ ബൈക്കുവച്ചത് ഇഷ്ടപ്പെടാത്ത ഗുണ്ട യുവാവിനെ കുത്തിക്കൊന്നത് കൊച്ചി തമ്മനത്ത്. ജയിലിറങ്ങിയ ഗുണ്ട സഹപ്രവര്‍ത്തകര്‍ക്ക് പരസ്യമായി പാര്‍ട്ടി നടത്തിയതും റീലിറക്കിയതും തൃശൂരില്‍.
ഇങ്ങനെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ അക്രമങ്ങൾ പലതുണ്ടായി. ചോര കൊണ്ട് സമാധാനം താറുമാറായിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഗുണ്ടകൾ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, കാപ്പ ചുമത്തി നാടുകടത്തിയവരെ നിരീക്ഷിച്ച് ,കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം, സന്ദര്‍ഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായാണ് പൊലീസ് ക്രൈംമാപ്പിംഗ് നടപ്പിലാക്കിയത്. പക്ഷെ ആ പദ്ധതി പാളിയത് ഉന്നത തലങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യവസ്ഥിതിയെയും നിയമത്തെയും തെല്ലും പേടിക്കാതെ യഥേഷ്ടം വിലസാന്‍ സാഹചര്യമൊരുങ്ങുന്നതോടെ ഗുണ്ടകളുടെ പ്രിയ നാടായി കേരളം മാറുകയാണ്. സിനിമകളും സോഷ്യല്‍മീഡിയപ്രമോഷനും രാഷ്ട്രീയ പാര്‍ട്ടികളും മയക്കുമരുന്ന് മാഫിയയും ഇവര്‍ക്ക് തണലൊരുക്കുന്നു.

മഞ്ഞപ്പിത്തബാധ രൂക്ഷം,പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം

എറണാകുളം. വേങ്ങൂരിലടക്കം മഞ്ഞപിത്തം പടര്‍ന്നുപിടിച്ച സംഭവത്തില്‍ പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സാ സഹായത്തിനായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു. അതേസമയം വേങ്ങൂരിലേത് വാട്ടർ അതോറിറ്റിയുടെ വീഴ്ച തന്നെയാണോ എന്നതില്‍ സംശയമുണ്ടെന്നദ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്‌ത്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നതിനൊപ്പം എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ലെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം എറണാകുളം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്നാണോ രോഗബാധയുണ്ടായതെന്ന് സംശയമുള്ളതായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പഞ്ചായത്തിന്റെ ചില ജല വിതരണ പദ്ധതികളും ഇവിടെ ജനങ്ങൾ ആശ്രയിക്കുന്നതായാണ് ന്യായീകരണം. ഇതിനിടെ വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങള്‍ക്കായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ജിദ്ദ ∙ ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു.

ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.  അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. വൈകാതെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്. വർധിച്ചു വരുന്ന സന്ദര്‍ശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക്  സർവീസുകള്‍ ആരംഭിക്കുവാന്‍ വിമാനകമ്പനികള്‍ക്ക് പ്രചോദനമാകുന്നത്. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.