ലോക്സഭാ തിരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒന്‍പത് സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും 96 സീറ്റുകളിലാണ് വോട്ടെടുപ്പ്. 1,717 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ക്രിക്കറ്റ് താരം യൂസുഫ് പഠാന്‍, ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിള, അസദുദീന്‍ ഉവൈസി, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, നടന്‍ ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ.
മുൻ മന്ത്രി എ.കെ. ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ
മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ റാം (68) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് റാമിനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതി നൽകുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഞായർ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജാജി നഗറിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് റാം നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.
ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനുനേരെ ആക്രമണം
ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനുനേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.
സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും ഉള്ളതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.
യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന കൊവിഡ് 19 ഒമിക്രോൺ സബ് വേരിയന്റ് കെപി2ന്റെ 91 കേസുകളാണ് മഹരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.
അവസാനത്തോടെയാണ് ഏറ്റവും കൂടുതൽ അപകടകാരിയായ ജെഎൻ 1-ൽ നിന്നും കെപി2 ഉത്ഭവിച്ചത്. മാർച്ചിൽ സംസ്ഥാനത്ത് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.
പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തി. സോലാപ്പൂരിൽ രണ്ട് കേസുകളും അഹമ്മദ്‌നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളിൽ ഓരോ കേസുകൾ വീതം കണ്ടെത്തി. എന്നാൽ മുംബൈയിൽ ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല.
കുഴിനഖം രോഗം പടരുന്നു, ജയന്ദ്രന്‍ കല്ലിംഗലിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം. കളക്ടറെ വിമര്‍ശിച്ചതിന് ജോയിൻ കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധം കനക്കുന്നു.നാളെ മുഴുവൻ കലക്ടറേറ്റുകളിലേക്കും ജോയിൻ കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തും. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ജയചന്ദ്രൻ കല്ലിങ്കൽ പ്രതികരിച്ചു
കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച
തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിന്റെ നടപടിയെ ചാനൽ ചർച്ചയിലാണ് ജയചന്ദ്രൻ കല്ലിങ്കൽ വിമർശിച്ചത്. പിന്നാലെയാണ് ദേവസ്വം ബോർഡ് തഹസീൽദാറായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിലപാടിൽ നിന്ന് പിന്നോട്ടില്ല. കലക്ടറെ വ്യക്തി പരമായി ആക്ഷേപിച്ചിട്ടില്ലെന്നും ജയചന്ദ്രൻ കല്ലിങ്കൽ.
വിശദീകരണം ചോദിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയചന്ദ്രൻ കല്ലിങ്കൽ വ്യക്തമാക്കി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിനെയും അസ്വാഭാവികമായാണ് ജോയിൻ കൗൺസിൽ കാണുന്നത്. സംഘടനാസ്വാതന്ത്ര്യത്തിലേക്ക് ഉള്ള കടന്നുകയറ്റമെന്ന് സംഘടന വിലയിരുത്തുന്നു. നോട്ടീസ് പിൻവലിക്കും വരെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിൻറെ ഭാഗമായി പതിനാല് കളക്ടറേറ്റുകളിലേക്കും തിങ്കളാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ മറ്റു സർവീസ് സംഘടനകൾക്കും കടുത്ത അമർഷമാണുള്ളത്.ഭരണാനുകൂല സർവീസ് സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കുമ്പോഴും നോട്ടീസ് നൽകിയ നടപടി പിൻവലിക്കേണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.
പത്ത് ഗ്യാരൻ്റികളുമായി കേജരിവാൾ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി വിജയിച്ചാല്‍ പത്ത് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
സൗജന്യ വൈദ്യുതി, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. മോദി സർക്കാർ ഗ്യാരന്റികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന് പറഞ്ഞിട്ട് നടപ്പാക്കിയില്ല. മോദി വിരമിച്ചാല്‍ ഗ്യാരന്റികള്‍ ആരു നടപ്പാക്കുമെന്നു ചോദിച്ച കെജ്രിവാള്‍, ആരെ വിശ്വസിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നതാണ് പത്ത് ഗ്യാരന്റികളില്‍ ആദ്യത്തേത്. മൂന്നു ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്. രണ്ട് ലക്ഷം മെഗാവാട്ടാണ് ഉപഭോഗം. ആവശ്യമുള്ളതിലുമേറെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. ഡല്‍ഹിയിലും പഞ്ചാബിലും നമ്മളത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തു മുഴുവൻ നടപ്പാക്കാൻ കഴിയുന്ന കാര്യമാണത്. പാവങ്ങള്‍ക്ക് 200 യൂണിറ്റു വരെ സൗജന്യ വൈദ്യുതി നല്‍കും. 1.25 ലക്ഷം കോടി രൂപ അതിനു ചെലവു വരും. പക്ഷേ അതു നമുക്ക് സംഘടിപ്പിക്കാനാവും. ഡല്‍ഹി മോഡല്‍ വൈദ്യുതി വിതരണം രാജ്യത്താകെ നടപ്പാക്കാം.
സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ ഗ്യാരന്റി. അഞ്ചു ലക്ഷം കോടിയുടെ പദ്ധതി കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കണം. ഡല്‍ഹിയിലും പഞ്ചാബിലും ഇതു സാധ്യമാണെന്ന് തങ്ങള്‍ തെളിയിച്ചതാണെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സർക്കാർ ആശുപത്രികളുടെ നിലവിലെ സ്ഥിതി ശോചനീയമാണെന്നും ഇതിന്റെ ഉന്നമനത്തിനായി അഞ്ച് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കും. എല്ലാ ഗ്രാമത്തിലും മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കും. ജില്ലാ ആശുപത്രികള്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളാക്കും. ഇൻഷുറൻസിന്റെ പേരില്‍ ഇപ്പോള്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതു നാം കണ്ടും. മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഭൂമിയുടെ മോചനം, അഗ്നിവീർ പദ്ധതി നിർത്തലാക്കുക, കർഷകർക്ക് സ്വാമിനാഥൻ കമ്മിഷന്‍റെ ശുപാർശ പ്രകാരമുള്ള താങ്ങുവില നല്‍കുക, ഡല്‍ഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നിവയുള്‍പ്പെടുന്നതാണ് കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികള്‍.
ബൈക്ക് കത്തി നശിച്ചു
ഇടുക്കി. കുട്ടിക്കാനത്ത് ബൈക്ക് കത്തി നശിച്ചു.തമിഴ്‌നാട് ചിന്നമന്നൂർ സ്വദേശി മുത്തുവിന്റെ ബൈക്കാണ് കത്തിയത്.ബൈക്ക് നിർത്തിയ ഉടൻ പുക ഉയരുകയും തീ ആളി പടരുകയുമായിരുന്നു.ബൈക്കിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ട മുത്തു ഓടി രക്ഷപെട്ടു.വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം
പുത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
കൊട്ടാരക്കര. പുത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.ബൈക്ക് യാത്രക്കാരൻ തച്ചൻ മുക്ക് സ്വദേശി അനന്തുവാണ്(22) മരിച്ചത്.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഹരിയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരുവരെയും ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ പോയതായും പരാതിയുണ്ട്.അനുന്തുവിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം
ആലപ്പുഴ. വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി.
വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്.
പൊലീസ് സ്‌ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടൽ ആണെന്ന് എസ് എച്ച് പഞ്ചാപകേശൻ
മാവേലിക്കര : വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടൽ ആണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ .മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സൈനിക സ്കൂളിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മികച്ച ഭൗതിക സാഹചര്യങ്ങൾ വിദ്യാലയങ്ങൾ കൊണ്ട് എന്ന കാരണത്താൽ അതൊരു മികച്ച വിദ്യാലയം ആകണമെന്നില്ല അറിവും തിരിച്ചറിവും മൂല്യങ്ങളും പകർന്നു നൽകി ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്ന വിദ്യാലയങ്ങളെ മാത്രമേ മികച്ച വിദ്യാലയം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ.
വിദ്യാഭ്യാസമേഖലയിൽ ഭാരതീയ വിദ്യാനികേതൻ നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണ് .കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നു നൽകുന്ന രീതിയിലേക്ക് അധ്യാപകരും രക്ഷകർത്താക്കളും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷനായി വിദ്യാനികേതൻ ദേശീയ സമിതി അംഗം കാശിപതി ,ക്ഷേത്രീയ സെക്രട്ടറി രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ആർ വി ജയകുമാർ , സംഘടനാ സെക്രട്ടറി അനീഷ്, സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റി ശശിധരൻ എന്നിവർ സംസാരിച്ചു.ഇന്നലെയും ഇന്നുമായി നടക്കുന്ന സംസ്ഥാന പ്രതിനിധിസഭയിൽ എല്ലാ ജില്ലകളിൽ നിന്നുമായി 400 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.


































