Home Blog Page 2720

തൊടിയൂർ വടക്ക് തടത്തിൽ മത്തായി ഡാനിയേൽ നിര്യാതനായി

തൊടിയൂർ. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് തടത്തിൽ മത്തായി ഡാനിയേൽ(78) നിര്യാതനായി. തഴവ സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ ട്രസ്റ്റിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച വൈകിട്ട് 3ന് സ്വവസതിയിലും തുടർന്ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലുമായി നടത്തപ്പെടുന്നു…

മക്കൾ : ഷൈനി, ഷേർളി, സോളമൻ
മരുമക്കൾ: സജി (അധ്യാപകൻ), റെജി, ലിൻസി

മൈനാഗപ്പള്ളിയിൽ വിദ്യാർത്ഥി സംഗമവും അവാർഡ് വിതരണവും

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2023-24 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ സംഗമവും അവാർഡ് വിതരണവും 20ന് രാവിലെ 10ന് മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടക്കും.മൈനാഗപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,ഫോട്ടോ എന്നിവ സഹിതം 16ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ അതാത് വാർഡ് മെമ്പർമാർ മുഖേനയോ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളും 20ന് രാവിലെ 10ന് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ എത്തിച്ചേരേണമെന്ന് പ്രസിഡന്റ് പി.എം സെയ്ദ് അറിയിച്ചു.

കൊട്ടാരക്കര യുഐടിയില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

കേരള സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(യുഐടി) കൊട്ടാരക്കരയില്‍ 2024-25 വര്‍ഷത്തേക്ക് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മ്മന്‍, ഫ്രഞ്ച്, മാത്തമാറ്റിക്‌സ്, എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയ്‌ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഈ മാസം പതിനേഴിന് മുന്‍പ് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കുക. മൊബൈല്‍ 9495055861

ആയൂസ് കൂട്ടണോ, ഇതാ അഞ്ച് മാർ​​ഗങ്ങൾ

വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികൾ.

ജേർണൽ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതൽ നാല് വർഷം വരെ കൂടുമ്പോൾ യു.എസ് ആരോഗ്യ വിദഗ്ദ്ധർ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങൾ പിന്തുടരുന്നവരിൽ 74% ആളുകൾ അധികകാലം ജീവിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.

കാർ ചെളിയിൽ പുതഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

വാളാഞ്ചേരി: നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു.

കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി വടക്കേപീടിയേക്കല്‍ സെയ്താലിയാണ് (61) മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ വളാഞ്ചേരി കരേക്കാട് റോഡില്‍ മൂന്നാംകുഴിയിലാണ് സംഭവം.

മൂന്നരയോടെ നെഞ്ചുവേദനയെ തുടർന്ന് സെയ്താലിയെയും കൊണ്ട് ഭാര്യയും രണ്ടുമക്കളും അഞ്ചര കിലോമീറ്റർ അപ്പുറത്തുള്ള നടക്കാവില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിക്ക് ഒന്നര കിലോമീറ്റർ അകലെ വച്ചാണ് വാഹനം റോഡില്‍ കുടുങ്ങിയത്.

ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുക്കുന്ന വെള്ളിയാംമല കുന്നില്‍ നിന്നുള്ള മണ്ണും ചളിയും മഴ കാരണം മൂന്നാംകുഴിയിലെ 100 മീറ്ററോളം റോഡില്‍ നിറഞ്ഞിരുന്നു. കാർ ഇവിടെയെത്തിയതോടെ മുന്നോട്ടെടുക്കാനാവാതെ കുടുങ്ങി. അപ്പുറത്ത് ഓട്ടോറിക്ഷ കണ്ട മക്കള്‍ സെയ്താലിയെയും എടുത്ത് ഏറെ പ്രയാസപ്പെട്ട് നടന്ന് ഓട്ടോയില്‍ കയറ്റി. 4.25ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദീർഘനാളായി നെഞ്ചുവേദനയുടെ മരുന്ന് കഴിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് 12ഓടെ റോഡ് ഗതാഗതയോഗ്യമാക്കി.
മുൻകരുതലില്ലാതെ മണ്ണെടുക്കുന്നത് കാരണം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്ന വിവരം രാവിലെ പൊലീസില്‍ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഒടുവില്‍ മന്ത്രി സമ്മതിച്ചു… ചര്‍ച്ച നടത്താന്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ രണ്ടാഴ്ചയായി തുടരുന്ന സമരത്തിനൊടുവില്‍ സമരം ചെയ്യുന്ന സ്‌കൂള്‍ ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. നാളെ വൈകിട്ട് 3ന് സിഐടിയു ഉള്‍പ്പടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തും. സമരക്കാരുമായി ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ നിന്ന് ഒടുവില്‍ മന്ത്രി പിന്‍വാങ്ങുകയായിരുന്നു. ലൈസന്‍സിന് ആവശ്യമുള്ള അപേക്ഷകര്‍ ടെസ്റ്റിനെത്തുമെന്നും അങ്ങിനെ സമരം താനെ പൊളിയുമെന്നുമായിരുന്നു ഗതാഗതവകുപ്പിന്റെ പ്രതീക്ഷ. പക്ഷേ വിദേശയാത്ര കഴിഞ്ഞ് മന്ത്രി തിരിച്ചെത്തിയ ഇന്നും ടെസ്റ്റുകള്‍ മുടങ്ങി. പതിനാലാം ദിവസവും സമരം ശക്തമായി തുടര്‍ന്നതോടെ മുന്നണിക്കുള്ളില്‍ നിന്ന് പോലും മന്ത്രിക്ക് മേല്‍ സമ്മര്‍ദം ഉയര്‍ന്നതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്.

കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു.
എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

കുന്നത്തൂരിലെ ഡ്രൈവിംഗ് ടെസ്റ്റ് തടഞ്ഞ് യുഡിഎഫ് ഐക്യട്രേഡ് യൂണിയൻ

ശൂരനാട്‌:ഡ്രൈവിംഗ് പരിശീലന മേഖലയിൽ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്ക്കാരങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി യുഡിഎഫ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടന്ന ടെസ്റ്റ് തടഞ്ഞ് പ്രതിഷേധിച്ചു.ചൊവ്വാഴ്ച രാവിലെ 8.30 ന് സ്ലോട്ട് ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിനായി ചക്കുവള്ളിച്ചിറ ഗ്രൗണ്ടിൽ എത്തിയവരും കുന്നത്തൂർ ജെ.ആർ ടി ഓഫീസിലെ എം.വി.ഡി അടക്കമുള്ളവരും പ്രതിഷേധം ശക്തമായതിനെ തുടർന്ന് മടങ്ങുകയായിരുന്നു.വരും ദിവസങ്ങളിലും ടെസ്റ്റ് തടയാനാണ് യൂണിയൻ തീരുമാനം.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സമരം ഉദ്ഘാടനം ചെയ്തു.ഡ്രൈവിംഗ് പരിശീലന മേഖലയിൽ നടപ്പാക്കിയ കരിനിയമങ്ങൾ പിൻവലിക്കണമെന്നും ദിവസങ്ങളായി സമരം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി പിടിവാശി ഉപേക്ഷിച്ച് സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യൂണിയൻ ചെയർമാൻ തടത്തിൽ സലീം അധ്യക്ഷത വഹിച്ചു.കെ.മുസ്തഫ,തോപ്പിൽ ജമാൽ,ബിജു മൈനാഗപ്പള്ളി,കക്കാക്കുന്ന് ഉസ്മാൻ,ആർ.ഷൗക്കത്ത്,
നാലുതുണ്ടിൽ റഹീം,ബാബു ഹനീഫ, വേങ്ങ ശ്രീകുമാർ, സരസചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണ പിള്ള, രമേശൻ പിള്ള, എം.എ സമീർ, സുചീന്ദ്രൻ, ഷെഫീഖ്
മൈനാഗപ്പള്ളി,പ്രമോദ്, കേരളാഷാജി, മണിയൻപിള്ള, എസ് ആർ ശ്രീകുമാർ, ഷാ സുഖധ, നിയോ ജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഉമ്മൻ ചാണ്ടി പൊതുപ്രവർത്തകർക്കു എന്നും മാതൃക


ശൂരനാട് വടക്ക്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പൊതുപ്രവർത്തകർ മാതൃക ആക്കേണ്ടതാണ് എന്നു മുൻ ഷാർജ അസോസിയേഷൻ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ ഇ. പി. ജോൺസൻ അഭിപ്രായപെട്ടു. ഉമ്മൻ‌ചാണ്ടി ഫൌണ്ടേഷൻ ശൂരനാട് വടക്ക് നേതൃ യോഗം ഉദ്ഘാടനം ചെയ്യുക ആയിരുന്നു. ഫൌണ്ടേഷൻ ചെയർമാൻ കെ. പി റെഷീദ് അധ്യക്ഷൻ ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനുതാജ് പദ്ധതി വിശദീകരിച്ചു. സച്ചിന്ദ്രൻ ശൂരനാട്, സുവർണൻ ശൂരനാട്,വൈ. ഗ്രിഗറി, കെ. ആർ. വേലായുധൻ പിള്ള,അരുൺ ഗോവിന്ദ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ഷേർലി, അഡ്വ. സുധികുമാർ, ജോർജ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. വാവന്നൂര്‍ സ്വദേശിയാണ്.
കുളപുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ലോറിയും ഓടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓടോറിക്ഷ ഐ പി ടി കോളജിന് സമീപം എത്തിയപ്പോള്‍ എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാടന്‍പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ് രതീഷ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.