Home Blog Page 2719

രാജ്യസുരക്ഷക്ക് ഭീഷണി; എൽടിടിഇക്കുള്ള നിരോധനം അഞ്ച് വർഷത്തേക്ക് കൂടി കേന്ദ്രം നീട്ടി

ന്യൂ ഡെൽഹി :
എൽടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്രസർക്കാർ. അഞ്ച് വർഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. എൽടിടിഇയെ നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്നും തീരുമാനം പിൻവലിക്കണമെന്നും ദ്രാവിഡ പാർട്ടികൾ ആവശ്യമുന്നയിക്കുന്നതിനിടെയാണ് നിരോധനം കേന്ദ്രസർക്കാർ നീട്ടിയത്

എൽടിടിഇ അനുകൂലികൾ ഇന്ത്യവിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സർക്കാരിനും ഭരണഘടനക്കും എതിരെ തമിഴ് ജനതക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു

തമിഴ്‌നാട്ടിലേക്ക് ലഹരി, ആയുധക്കടത്തിന് ശ്രമം എൽടിടിഇയിലൂടെ നടക്കുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. എൽടിടിഇയെ തടയിട്ടില്ലെങ്കിൽ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രം പറയുന്നു

എടാ മോനെ…ആവേശം സിനിമ മോഡലിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ…പാർട്ടിയുടെ ദൃശ്യങ്ങൾ റീൽസായി സോഷ്യൽ മീഡിയയിൽ

ആവേശം സിനിമ മോഡലിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിൽ മോചിതനായ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് തൃശൂരിൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പങ്കെടുത്തു. പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
2020 മുതൽ വിയൂർ സെൻറർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി. തൃശ്ശൂർ കുറ്റൂരിലെ വീടിന് സമീപത്തെ കോൽപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി.

ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്. ജയിലിൽ കഴിയുന്നതിനിടെയാണ് അച്ഛൻ മരിച്ചതെന്നും മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്ന് ഗുണ്ടാ നേതാവ് അനൂപ്
പറഞ്ഞു.

നാലു കൊലപാതക കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ് അനൂപ്. സംഭവത്തിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐഎന്‍ടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പാലുമായി എത്തിയ ലോറികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കാനും സാധിച്ചില്ല.
തിരുവനന്തപുരത്ത് മില്‍മയുടെ അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട സംഭരണ കേന്ദ്രങ്ങളിലുമാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കള്ളക്കേസ് എടുത്തുവെന്നും നേതാക്കള്‍ പറഞ്ഞു.

ജപ്തി നടപടികൾക്കിടെ വീട്ടമ്മയുടെ ആത്മഹത്യ: പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് എംഎം മണി

ഇടുക്കി :നെടുങ്കണ്ടത്ത് ജപ്തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്ന് എം എം മണി വിമർശിച്ചു.

അതേസമയം ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ നെടുങ്കണ്ടത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ അംഗങ്ങളാണ്.

ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് കഴിഞ്ഞ മാസം ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ജപ്തി നടക്കുന്നതിന്റെ പിറ്റേന്ന് ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വരാനിരിക്കെ തിടുക്കപ്പെട്ട് ജപ്തി നടത്തിയ ബാങ്ക് അധികാരികളുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു.

എല്‍ടിടിഇയെ നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍

എല്‍ടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് ലഹരി-ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്. എല്‍ടിടിഇക്ക് തടയിട്ടില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 1991ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എല്‍ടിടിഇയെ നിരോധിച്ചത്.

ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നലോട് കൂടിയ പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ താരിഫ് ഉയര്‍ത്തുമോ?

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ ഏകദേശം 25 ശതമാനം വര്‍ധനയ്ക്ക് കമ്പനികള്‍ ആലോചന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയാല്‍ സമീപകാലത്ത് നടക്കുന്ന നാലാംവട്ട ഫോണ്‍ ചാര്‍ജ് വര്‍ധനയായി ഇത് മാറും. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ടെലികോം കമ്പനികളുടെ നീക്കം.
ഫൈവ് ജി സേവനം നല്‍കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ വലിയ തുകയാണ് ടെലികോം കമ്പനികള്‍ മുടക്കിയത്. ഇത് തിരിച്ചുപിടിക്കുന്നതിനും മത്സരരംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കമ്പനികള്‍ ഫോണ്‍ ചാര്‍ജ് കൂട്ടാന്‍ നീക്കം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

വരണാസി :
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് വാരണാസി മണ്ഡലത്തിൽ നിന്ന് മോദി മത്സരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും മോദിക്കൊപ്പം പത്രികാ സമർപ്പണത്തിന് എത്തി.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി കലക്ടറേറ്റിലേക്ക് എത്തിയത്. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പത്രിക സമർപ്പിക്കുന്നതിന് മുമ്പായി മോദി എക്‌സിൽ കുറിച്ചു

2014ലാണ് മോദി ആദ്യമായി വാരണാസിയിൽ നിന്ന് മത്സരിച്ചത്. 2019ൽ രണ്ടാം വട്ടവും വാരണാസിയെ പ്രതിനിധീകരിച്ചു. 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് മോദിയുടെ എതിരാളി. ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ്.

അതിജീവിത കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി. ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. കൊലപാതകം എന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോക്സോ കേസ് അതി ജീവിതയാണ് പെൺകുട്ടി

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ .വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ, ബി ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്. സർവകലാശാലയിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

കണ്ണൂർ പറശ്ശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാർക്കിൽ ഉല്ലാസത്തിനായി കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി. യുവതി  ബഹളം വച്ചതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും പാർക്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കാസർഗോഡ് പെരിയയിലെ, കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് പഴയങ്ങാടി എരിപുരം സ്വദേശി ബി ഇഫ്തിക്കർ അഹമ്മദ്. ക്യാമ്പസിലെ ബിരുദ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തിരുന്നു. സസ്പെൻഷൻ നടപടിയും നേരിട്ടു. എന്നാൽ അധികം വൈകാതെ തിരിച്ചെടുത്തതും വിവാദമായി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പരാതിയെന്നായിരുന്നു ഇഫ്തിക്കർ അഹമ്മദിൻ്റെ അന്നത്തെ ന്യായീകരണം. ഇതിനിടെയാണ് മറ്റൊരു ലൈംഗികതിക്രമ കേസിൽകൂടി ഇയാൾ പ്രതിയാകുന്നത്.